
തിരുവനന്തപുരം: വിവാഹ ആലോചനകള്‍ക്കായി മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ ഇന്ന് വര്‍ദ്ധിച്ച് വരികയാണ്. മനസ്സിന് ഇണങ്ങിയ ആലോചനകള്‍ കണ്ടെത്തി നിരവധി പേരാണ് തങ്ങളുടെ ജീവിത പങ്കാളികളെ മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ വഴി കണ്ടെത്തുന്നത്. അറേഞ്ച്ഡ് വിവാഹങ്ങളില്‍ പോലും വധൂ വരന്‍മാര്‍ക്ക് പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാനും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് പരസ്പരം പങ്കുവയ്ക്കാനും ഇത്തരം വെബ്സൈറ്റുകള്‍ അവസരമൊരുക്കുന്നുവെന്നതാണ് സവിശേഷത.
എന്നാല്‍ ഇന്ന് ഏതൊരു മേഖലയും തട്ടിപ്പിനുള്ള സാദ്ധ്യതയാക്കി മാറ്റുന്ന ഒരു കൂട്ടര്‍ ഇപ്പോള്‍ മാട്രിമോണിയല്‍ സൈറ്റുകളേയും തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് കേരള പൊലീസ് പറയുന്നത്. ഇത്തരക്കാരെ ജാഗ്രതയോടെ സമീപിക്കണമെന്ന മുന്നറിയിപ്പും കേരള പൊലീസ് നല്‍കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിനുള്ള സാദ്ധ്യതയാണ് ഒരു കൂട്ടര്‍ ഉപയോഗിക്കുന്നതായി കേരള പൊലീസ് പറയുന്നത്. സംശയം തോന്നിയാല്‍ പൊലീസിന്റെ സഹായം തേടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലേതിന് സമാനമായി സൗഹൃദത്തിന് റിക്വസ്റ്റ് ഇട്ട് ബന്ധം സ്ഥാപിക്കുന്നതാണ് ആദ്യപടി. ഇതിന് ശേഷം വിവാഹ വാഗ്ദാനം, വിവാഹലോചന പോലുള്ളവയിലേക്ക് കടക്കും. ഇതിന് ശേഷം പതിയ സാമ്പത്തിക ആവശ്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടും. അത്യാവശ്യ ഘട്ടത്തിലെ സഹായം എന്ന പേരിലായിരിക്കും ഭൂരിഭാഗം കേസുകളിലും പണം ആവശ്യപ്പെടുക. പണം നല്‍കി കഴിഞ്ഞാല്‍ പിന്നീട് ഈ അക്കൗണ്ടുകള്‍ ഡിയാക്ടിവേറ്റ് ആകുന്നതാണ് സംഭവിക്കുന്നത്.
അതുകൊണ്ട് തന്നെ നേരിട്ട് പരിചയമില്ലാത്ത ആര്‍ക്കും പണം നല്‍കി തട്ടിപ്പിന് ഇരയാകരുതെന്നാണ് കേരള പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. സംശയം തോന്നുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാനുള്ള സൗകര്യവും സൈബര്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.






