
ബോളിവുഡ് എന്നും അനേകം താരയുദ്ധങ്ങള്‍ക്ക് വേദിയായ ഇന്‍ഡസ്ട്രിയാണ്. എന്നാല്‍ രണ്ട് സൂപ്പര്‍താരങ്ങള്‍ക്ക് ഒരിക്കലും സുഹൃത്തുക്കളായി തുടരാന്‍ കഴിയില്ലെന്ന വിശ്വാസത്തിന് എന്നും അടിവരയിട്ടത് സമകാലികരായ ഷാരുഖ് ഖാന്റെയും ആമിര്‍ ഖാന്റെയും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ശീതസമരമാണ്. റൊമാന്റിക് ചിത്രങ്ങളിലൂടെ ജനകീയനായി മാറിയ കിംഗ് ഖാനും, വ്യത്യസ്തതയിലൂടെ സിനിമ പ്രേമികളുടെ മതിപ്പ് നേടിയ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റും എന്നും ബദ്ധവൈരികളായിരുന്നു. മുന്‍പൊരിക്കല്‍, ഐ.ബി.എന്‍.7ന് നല്‍കിയ അഭിമുഖത്തില്‍, ഷാരൂഖിന് തന്നോടൊപ്പം അഭിനയിക്കാന്‍ ഭയമാണെന്ന് വരെ ആമിര്‍ അവകാശപ്പെടുകയുണ്ടായി.
ഷാരൂഖിനെതിരേ പരസ്യമായി രംഗത്ത് വന്ന ആമിര്‍

2008ല്‍ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തില്‍ ആമിര്‍ ഖാന്‍ നായകനായ ഗജിനിയും, ഷാരൂഖ് ഖാന്റെ റബ് നെ ബനാ ദി ജോഡിയും, തീയറ്ററുകളില്‍ എത്തിയിരുന്നു. തന്റെ സ്വപ്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍, കിംഗ് ഖാനെതിരെ പരസ്യമായി രംഗത്ത് വന്ന് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് പ്രേക്ഷകരെയും മാധ്യമങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. ബോളിവുഡിന്റെ ഏറ്റവും വലിയ ബ്രാന്‍ഡ് താന്‍ ആണെന്ന ഷാരൂഖിന്റെ അവകാശവാദത്തിന് മറുപടി പറയുകയായിരുന്നു ആമിര്‍. എസ്.ആര്‍.കെ.യുടെ പ്രഖ്യാപനം ഒട്ടും ഇഷ്ടപ്പെടാതിരുന്ന ഗജിനി നായകന്‍, ഷാരൂഖ് തന്നോടൊപ്പം അഭിനയിക്കാന്‍ ഭയക്കുന്നു എന്ന് തുറന്നടിച്ചു.
‘എന്നോടൊപ്പം ഒരു സിനിമ ചെയ്യാന്‍ ഷാരൂഖ് ഖാനോട് ഞാന്‍ പല വട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ആ ഓഫര്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല. സത്യത്തില്‍ ഷാരൂഖിന് എനിക്കൊപ്പം അഭിനയിക്കാന്‍ ഭയമാണ്,’ ഐ.ബി.എന്‍.7ന് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ അവകാശപ്പെട്ടു. എന്നാല്‍ മിസ്റ്റര്‍ പെര്‍ഫെക്ഷന്‍സിറ്റിന് മറുപടിയുമായി വന്ന കിംഗ് ഖാന്‍ ഫാന്‍സ്, ആമിര്‍ എല്ലാ കാലത്തും ഷാരൂഖിന്റെ വളര്‍ച്ചയില്‍ അസ്വസ്ഥനായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചു. ഷാരുഖ് മികച്ച നടനുള്ള അവാര്‍ഡുകള്‍ തുടര്‍ച്ചയായി നേടാന്‍ തുടങ്ങിയതോടെ ആമിര്‍ ഫിലിം അവാര്‍ഡ് ചടങ്ങുകളില്‍ നിന്ന് മാറി നില്ക്കാന്‍ പോലും തുടങ്ങി എന്ന് അവര്‍ ആരോപിച്ചു.
ഷാരൂഖ് ആമിറിന് നല്‍കിയ മറുപടി
പിന്നീട്, ചില മാസങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ ആമിര്‍ ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തി. എല്ലാ വിഷയത്തിലും നര്‍മ്മം കലര്‍ന്ന മറുപടികള്‍ നല്‍കുന്ന ഖാന്‍ പക്ഷെ, ഇത്തവണ ആ ശൈലി മാറ്റിയിരുന്നു. ‘ആമിറിനെ ഞാന്‍ ഒരിക്കലും വിമര്‍ശിക്കാറില്ല. നിങ്ങള്‍ മാധ്യമങ്ങളാണ് ഇത്തരം തമാശകള്‍ വലുതാക്കി വഷളാക്കുന്നത്. ഞാന്‍ അത് കാര്യമാക്കാറില്ല. എന്നാല്‍ ചില സമയത്ത് ആമിറോ മറ്റുള്ളവരോ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറയാറുണ്ട്. അത്തരം അവസരങ്ങളില്‍, അത് ഞാന്‍ കാര്യമാക്കി എടുത്താല്‍, അവരോടു നേരിട്ട് സംസാരിക്കും,’ ഷാരുഖ് ഖാന്‍ പറഞ്ഞു നിര്‍ത്തി.
വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ന്, പഴയ ശീതസമരമൊക്കെ മറന്ന് അഭ്യുദയകാംക്ഷികള്‍ ആയി മാറിയിരിക്കുകയാണ് ആമിര്‍ ഖാനും ഷാരൂഖ് ഖാനും. ഇതിന് പിന്നില്‍ ഇരുവരുടേയും സുഹൃത്തും സമകാലീനനുമായ സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് വലിയ പങ്കുണ്ട്. അടുത്തിടെ നടത്തിയ അഭിമുഖങ്ങളില്‍, തങ്ങള്‍ വലിയ സുഹൃത്തുക്കള്‍ അല്ലെങ്കിലും, പരസ്പരം ഒരുപാടു ബഹുമാനിക്കുന്നുണ്ട് എന്നാണ് ആമിര്‍ പറഞ്ഞത്. ഈദ് ഉള്‍പ്പെടെ പല വിശേഷാവസരങ്ങളിലും ഷാരൂഖ് ഖാനും, ആമിര്‍ ഖാനും, ഇരുവരുടെയും കുടുംബങ്ങളും, സല്‍മാന്‍ ഖാന്റെ വസതിയില്‍ ഒത്തുകൂടുന്നത് ഇന്ന് പതിവാണ്. സൂപ്പര്‍ താരങ്ങളുടെ ഈ പുതിയ മാറ്റത്തില്‍ ആശ്വസിക്കുകയാണ് ആരാധകരും, ബോളിവുഡ് സിനിമ പ്രേമികളും.