
കോഴിക്കോട്: പൊവിഡന്റ് ഫണ്ട് (പിഎഫ്) തുക ലഭിക്കാന്‍ അധ്യാപികയോട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ കോഴിക്കോട് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വടകര പാക്കയില്‍ ജെബി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പുതിയാപ്പ് സ്വദേശി ഇ.വി. രവീന്ദ്രനെ (56) നെയാണ് കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്പി കെ.കെ. ബിജുവും സംഘവും പിടികൂടിയത്. 10000 രൂപയും 90000 രൂപയുടെ ചെക്കും ഇയാളില്‍നിന്ന് കണ്ടെടുത്തു. വിജിലന്‍സ് ഫിനോഫ്തലിന്‍ പൊടി പുരട്ടി നല്‍കിയ നോട്ടുകള്‍ ഉള്‍പ്പെടെ ഇതിലുണ്ടായിരുന്നു.
സഹപ്രവര്‍ത്തകയായ അധ്യാപികയാണ് പരാതിക്കാരി. തന്റെ പിഎഫ് അക്കൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സായി ലഭിക്കുന്നതിന് മാര്‍ച്ച് 28-നാണ് ഇവര്‍ അപേക്ഷ നല്‍കിയത്. അഡ്വാന്‍സ് തുക മാറിക്കിട്ടുന്നതിനുളള നടപടിക്രമങ്ങള്‍ വൈകിപ്പിച്ച രവീന്ദ്രന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒടുവില്‍ അധ്യാപിക കോഴിക്കോട് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച വിജിലന്‍സ്, അധ്യാപകന്‍ അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇയാളെ വലയിലാക്കാന്‍ തന്ത്രം ആവിഷ്‌കരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ വിജിലന്‍സ് ഫിനോഫ്തലിന്‍ പൊടി പുരട്ടി നല്‍കിയ നോട്ടും ചെക്കും അധ്യാപിക വടകര ലിങ്ക് റോഡില്‍ വെച്ച് അധ്യാപകന് കൈമാറുകയായിരുന്നു.
പണം കൈമാറിയ ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടി. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കൈകള്‍ സോഡിയം ബൈ കാര്‍ബണേറ്റ് വെള്ളത്തില്‍ മുക്കി ഫിനോഫ്തലിന്‍ പൊടിയുടെ സാന്നിധ്യം കണ്ടെത്തി. പാന്റിന്റെ പോക്കറ്റിലും പൊടിയുണ്ടായിരുന്നു.