
ഇസ്ലാമാബാദ്: നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. റാവല്‍പിണ്ടിയിലാണ് നൂര്‍ഖാന്‍ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീര്‍ 9ന് പുലര്‍ച്ചെ 2.30ന് തന്നെ നേരിട്ട് ഫോണ്‍ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിന് പാക്ക് പ്രധാനമന്ത്രിയുടെ സ്ഥീരീകരണം ലഭിക്കുന്നത് ആദ്യമായാണ്.
”പുലര്‍ച്ചെ സൈനിക മേധാവി എന്നെ വിളിച്ച് നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ ബാലസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി അറിയിക്കുകയായിരുന്നു.” ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ പാക്ക് പ്രധാനമന്ത്രി പറഞ്ഞു. വ്യോമതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടതായി പാക്ക് അധികൃതര്‍ മേയ് 10ന് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ പാക്ക് വ്യോമതാവളങ്ങള്‍ക്കു കാര്യമായ നാശനഷ്ടമുണ്ടായതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ആക്രമണത്തിനു മുന്‍പും ശേഷവുമുള്ള വ്യോമതാവളങ്ങളുടെ ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു.

ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇരു രാഷ്ട്രങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് പാക്ക് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. മൂന്നു യുദ്ധങ്ങള്‍ നടത്തിയിട്ടും ഇരു രാജ്യങ്ങള്‍ക്കും ഒന്നും നേടാനായില്ലെന്നും ഷഹബാസ് പറഞ്ഞു. ജമ്മു കശ്മീര്‍ വിഷയം ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയിലൂടെ പരിഹരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ പാക്കിസ്ഥാനില്‍ ഓപ്പറേഷന്‍ സിന്ദൂറെന്ന പേരില്‍ ആക്രമണം നടത്തിയത്. പാക്ക് അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യ പിന്നീട് വെടിനിര്‍ത്തലിനു തയാറാകുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഭീകരരെ തുടച്ചു നീക്കുമെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. പാക്കിസ്ഥാനില്‍ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും അദ്ദേഹം ഇന്നലെ സ്ഥീരികരിച്ചിരുന്നു.