
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി മാര്‍ട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യന്‍ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.
മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതി മാര്‍ട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നുമായിരുന്നു ഭീഷണി. രേഖകള്‍ സഹിതം നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

2023 ഒക്ടോബര്‍ 29നാണ് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനയ്ക്കിടയില്‍ സ്‌ഫോടനമുണ്ടായത്. പെട്രോള്‍ ബോംബ് ഉയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 45ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയാണ് മാര്‍ട്ടിന്‍. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.