
തിരുവനന്തപുരം: വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ ദുബായില്‍ കൊലപ്പെടുത്തിയത് ആണ്‍ സുഹൃത്തായ അബിന്‍ ലാല്‍ മോഹന്‍ലാല്‍. കരാമയിലെ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തുള്ള കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്ത് താമസിക്കുകയായിരുന്നു ആനിമോള്‍. അബുദാബിയില്‍ നിന്ന് എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ആനിമോളെ കാണാന്‍ ഈ ഫ്‌ലാറ്റിലേക്ക് വരാറുണ്ടായിരുന്നു.
സംഭവം ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാല്‍ക്കണിയില്‍ വെച്ച് വഴക്കിട്ടു. പെട്ടെന്ന് അബിന്‍ ലാല്‍ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോവുകയും വാതില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോരവാര്‍ന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും അബിന്‍ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദുബായിലെ സ്വകാര്യ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്നു ആനിമോള്‍. ഏകദേശം ഒരു വര്‍ഷം മുന്‍പ് അബിന്‍ ലാല്‍ തന്നെയാണ് ആനിമോളെ ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. സുഹൃത്തുക്കള്‍ പറയുന്നതനുസരിച്ച് ആനിമോളെ വിവാഹം കഴിക്കാന്‍ അബിന്‍ ലാല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ആനിമോളിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധം താല്‍പര്യമില്ലായിരുന്നു. ആനിമോള്‍ക്ക് മറ്റൊരാളുമായി വിവാഹം നടത്താന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലില്‍ അബിന്‍ ലാല്‍ കുറ്റം സമ്മതിച്ചു.