CrimeNEWS

മലപ്പുറത്ത് ഗൃഹപ്രവേശമടുത്ത വീടടക്കം കണ്ടുകെട്ടി; ലഹരിക്കടത്ത് സംഘത്തലവനെതിരെ നടപടി കടുപ്പിച്ച് പോലീസ്

മലപ്പുറം: അന്തഃസംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയുടെ അരീക്കോട്ടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി അറബി അസീസ് എന്ന പൂളക്കചാലില്‍ അസീസ് (43) എന്നയാളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മഗ്ളേഴ്സ് ആന്റ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോരിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരമാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

ബാംഗ്ലൂരില്‍ നിന്നും എത്തിച്ച എംഡിഎംഎ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അസീസ് പിടിയിലായത്. ഇയാള്‍ ലഹരി വില്‍പനയിലൂടെ സമ്പാദിച്ച സ്വത്തുവകകളും, ബന്ധുക്കളുടെ പേരില്‍ സമ്പാദിച്ച സ്വത്തുവകകളും അവരുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയവയില്‍ പെടുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് അരീക്കോട് തേക്കിന്‍ചുവടുവെച്ച് 196.96 ഗ്രാം എംഡിഎംഎയുമായി അസീസിനേയും കൂട്ടാളി എടവണ്ണ സ്വദേശി കൈപ്പഞ്ചേരി റിയാസ് ബാബുവിനേയും ഡാന്‍സാഫ് സംഘവും അരീക്കോട് പോലീസും ചേര്‍ന്ന് പിടികൂടിയത്.

Signature-ad

തുടരന്വേഷണത്തില്‍ പൂവത്തിക്കല്‍ സ്വദേശി ഷിബില മന്‍സില്‍ അനസ് (30), കണ്ണൂര്‍ കോലഞ്ചേരി സ്വദേശി ഫാത്തിമ മന്‍സില്‍ സുഹൈല്‍ (27), ഒരു ഉഗാണ്ട സ്വദേശിനി എന്നിവരടക്കം മൂന്നുപേരെ കൂടി പോലീസ് പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അരീക്കോട് ഇന്‍സ്പക്ടര്‍ സിജിത്ത് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയത്.

നടപടികളുടെ ഭാഗമായി അസീസിന്റെ ഭാര്യയുടെ പേരില്‍ അരീക്കോട് പുതുതായി പണിത ഗൃഹപ്രവേശത്തിന് തയ്യാറായ 75 ലക്ഷം വില വരുന്ന വീട്, പൂവത്തിക്കലില്‍ ഉള്ള 15 ലക്ഷത്തോളം വിലവരുന്ന ഏഴരസെന്റ് സ്ഥലം എന്നിവ കണ്ടുകെട്ടി. അസീസിന്റെ ഭാര്യയുടേയും മകളുടേയും പേരില്‍ തൃക്കലങ്ങോട് കനറാ ബാങ്ക് ശാഖയിലുള്ള ലക്ഷങ്ങള്‍ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. അസീസിനെതിരെ പിഐടി എന്‍ഡിപിഎസ് ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂട്ടുപ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Back to top button
error: