
കോഴിക്കോട്: കാറില്‍ ഉരസിയതുമായുള്ള തര്‍ക്കത്തിനൊടുവില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി യൂട്യൂബര്‍ തൊപ്പി. വടകരയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇരു കൂട്ടരെയും പൊലീസ് വടകര സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കൈനാട്ടിയില്‍ വെച്ച് സ്വകാര്യ ബസ് തൊപ്പിയും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തിന്റെ ഇടത് വശത്ത് കൂടെ അപകടകരമായി ഓവര്‍ടേക്ക് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തൊപ്പിയും കൂട്ടാളികളും ബസിനെ പിന്തുടര്‍ന്ന് വടകര പുതിയ സ്റ്റാന്റില്‍ എത്തുകയും ബസ് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി.

വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ചുവെന്ന് ആരോപിച്ച് തൊപ്പിയുമായി വീണ്ടും ഇവര്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തൊപ്പിയെയും സുഹൃത്തുക്കളെയും വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, ബസ് ജീവനക്കാര്‍ പരാതിയൊന്നും നല്‍കാത്ത പശ്ചാത്തലത്തില്‍ ഇവരെ പിന്നീട് പൊലീസ് വെറുതെവിട്ടു.