
കൊല്ലം: കരുനാഗപ്പള്ളിയില്‍ അമ്മയും പെണ്‍മക്കളും തീകൊളുത്തി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുത്തന്‍കണ്ടത്തില്‍ താര ജി കൃഷ്ണ (36), മക്കളായ അനാമിക (7), ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീ കൊളുത്തിയ ശേഷം താര ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കമാണ് മക്കളുടെ ജീവനെടുത്ത് ആത്മഹത്യ ചെയ്യുന്നതിന് താരയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഓഹരി സംബന്ധിച്ച് താരയും ഭര്‍തൃവീട്ടുകാരും തമ്മില്‍ ഇന്നലെ വഴക്കുണ്ടായെന്നും പൊലീസ് പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയ താരയെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്. എന്നാല്‍, വാടകവീട്ടില്‍ തിരിച്ചെത്തിയ താര, മക്കളെയും കൂട്ടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംഗഷന് വടക്കുഭാഗത്തുള്ള വാടകവീട്ടില്‍ വച്ചാണ് ആത്മഹത്യാശ്രമം നടന്നത്. ഒന്നര വര്‍ഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലാകൃഷ്ണന്‍ സമീപത്തെ കടയില്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍ താരയും രണ്ടുമക്കളും മണ്ണെണ്ണയെഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നിലവിളിയും പുകയുമുയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ കതക് തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദ്യം താരയുടെയും പിന്നീട് മക്കളുടെയും മരണം സ്ഥിരീകരിച്ചു. താരയുടെ ഭര്‍ത്താവ് ഗിരീഷ് കുവൈത്തില്‍ നിന്ന് നാളെ നാട്ടിലെത്താനിരിക്കെയാണ് സംഭവം. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.