CrimeNEWS

കടയില്‍നിന്നു വലിച്ചിറക്കി, ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു; ശമ്പളം ബാക്കി ചോദിച്ചതിന് യുവതിക്ക് ക്രൂരമര്‍ദനം

ആലപ്പുഴ: വീട്ടുജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള, അഞ്ച് മാസത്തെ കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമര്‍ദനം. ഹരിപ്പാടാണ് സംഭവം. താമല്ലാക്കലില്‍ ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടയില്‍നിന്നു പുറത്തേക്കു വിളിച്ചിറക്കിയശേഷമാണ് മര്‍ദിച്ച് അവശയാക്കിയത്.

മര്‍ദനമേറ്റ കരുവാറ്റ സ്വദേശി രഞ്ജി മോള്‍ (37) ആശുപത്രിയില്‍ ചികിത്സയിലാണ്. രഞ്ജി മോളെ മര്‍ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ താമല്ലാക്കല്‍ ഗുരുകൃപ വീട്ടില്‍ സൂരജ്, പിതാവ് ചെല്ലപ്പന്‍ എന്നിവര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം.

Signature-ad

ചെല്ലപ്പന്റെ മകളുടെ വീട്ടില്‍ ഒന്നരവര്‍ഷം രഞ്ജിമോള്‍ വീട്ടുജോലി ചെയ്തിരുന്നു. ഈ വകയില്‍ ശമ്പളമായി കിട്ടാനുള്ള 26,000 രൂപ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. കേസ് നല്‍കിയതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് രഞ്ജിമോള്‍ ആരോപിക്കുന്നത്.

ബേക്കറിയിലെത്തിയ പ്രതികള്‍ ചേര്‍ന്ന് രഞ്ജിമോളെ പിടിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികള്‍ വീണ്ടും വലിച്ച് തള്ളി താഴെയിട്ടു. തുടര്‍ന്ന് വീണ്ടും മര്‍ദിച്ചു.

 

Back to top button
error: