
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലാക്കിയ കേസില്‍ അറസ്റ്റിലായ ഭാര്യ മുസ്‌കാന്‍ റസ്തോഗി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് ജയില്‍ സൂപ്രണ്ട്. കഴിഞ്ഞ ദിവസമാണ് മുസ്‌കാനെ സ്‌കാനിങ്ങിനു വിധേയയാക്കിയത്. മുസ്‌കാന്‍ ഗര്‍ഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടെന്നാണ് സ്‌കാനിങ്ങില്‍ വ്യക്തമായത്. ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതിക്ക് ജയിലില്‍ പ്രത്യേക പരിചരണം നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് ഡോ. വിരേഷ് രാജ് ശര്‍മ പറഞ്ഞു.
ഭര്‍ത്താവ് സൗരഭ് രജ്പുതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 19നാണ് മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായത്. സൗരഭിനെ കൊലപ്പെടുത്തി മൃതദേഹം നാല് കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഹിമാചല്‍ പ്രദേശിലേക്ക് പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അറസ്റ്റിന് ശേഷം മീററ്റ് ജില്ലാ ജയിലിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയായതിന്റെ ലക്ഷണങ്ങള്‍ മുസ്‌കാന്‍ കാണിച്ച് തുടങ്ങിയത്. പിന്നാലെയാണ് ഇവരെ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കു വിധേയയാക്കിയത്. മാര്‍ച്ച് നാലിനാണ് മുസ്‌കാനും സഹിലും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ഈ സമയം മുസ്‌കാന്‍ ഗര്‍ഭിണിയായിരുന്നു. കാമുകന്‍ സാഹില്‍ ശുക്ലയില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് ഇവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
മൂന്ന് മക്കളെ ഉപേക്ഷിച്ച് മുപ്പതുകാരി പ്ലസ്ടുക്കാരനെ വരിച്ചു; യുവതിയുടേത് മൂന്നാം വിവാഹം
ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയതിനെ തുടര്‍ന്ന് മയങ്ങിയ സൗരഭിനെ കത്തികൊണ്ട് കുത്തിയാണ് കൊന്നത്. പിന്നീട് ശരീരം കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഇട്ട് അടയ്ക്കുകയായിരുന്നു. മാര്‍ച്ച് 18ന് മുസ്‌കാന്‍ അമ്മയോടു കുറ്റസമ്മതം നടത്തിയതോടെയാണു കൊലപാതകവിവരം പുറത്തുവന്നത്. ഇക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മുസ്‌കാനും സാഹിലും അറസ്റ്റിലായി.
സൗരഭിന്റെ ഹൃദയത്തില്‍ 3 തവണ ആഴത്തില്‍ കുത്തേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. സൗരഭിന്റെ തല ശരീരത്തില്‍നിന്ന് വേര്‍പെട്ട നിലയിലും, കൈകള്‍ കൈത്തണ്ടയില്‍നിന്ന് മുറിച്ചുമാറ്റിയ നിലയിലും, കാലുകള്‍ പിന്നിലേക്ക് വളഞ്ഞ നിലയിലും ആയിരുന്നു. 2016ലാണ് സൗരഭും മുസ്‌കാനും വിവാഹിതരായത്. ഇവര്‍ക്ക് ആറ് വയസ്സുള്ള മകളുണ്ട്. സ്‌കൂള്‍ കാലം മുതല്‍ മുസ്‌കാനും സാഹിലും പരിചയമുണ്ടെന്നും 2019ല്‍ വാട്‌സാപ് ഗ്രൂപ്പ് വഴി വീണ്ടും ബന്ധപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.