ജനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ ഉണ്ടെന്നത് ഇഡി മറക്കരുത്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; കേസ് ഡല്‍ഹിയിലേക്കു മാറ്റാനുള്ള ഹര്‍ജി പിന്‍വലിപ്പിച്ചു; നിര്‍ണായക പരാമര്‍ശം നിരവധി പരാതികള്‍ നിലനില്‍ക്കുമ്പോള്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ക്കു മൗലികാവകാശങ്ങളുണ്ടെന്നതു മറക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി. ഛത്തീസഗഡിലെ സിവില്‍ സപ്ലൈസ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ന്യൂഡല്‍ഹിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇഡി സമര്‍പ്പിച്ച റിട്ട് പെറ്റീഷനിലാണു സുപ്രീം കോടതിയുടെ പ്രതികരണം. വ്യക്തികള്‍ക്കുവേണ്ടി ആര്‍ട്ടിക്കിള്‍ 32നു കീഴിലുള്ള വകുപ്പ് എങ്ങനെയാണു ഇഡിക്ക് ഉപയോഗിക്കാന്‍ കഴിയുന്നതെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ചോദിച്ചു.
മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ക്കു സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം നല്‍കുന്ന ഭരണഘനാ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 32. ഇതിനായി വ്യക്തികള്‍ക്കു നേരിട്ടു കോടതിയെ സമീപിക്കാനാകും. എന്നാല്‍, ഇഡിയും മൗലികാവശകാശങ്ങളുണ്ടെന്ന വിചിത്രമായ വാദം ഉന്നയിക്കുകയായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു. റിട്ട് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് കോടതിയില്‍ അപേക്ഷയും നല്‍കി.

‘ഇഡിക്ക് മൗലികാവശകാശങ്ങളുണ്ട്. എന്നാല്‍, അവര്‍ മറ്റുള്ളവരുടെ മൗലികാവകാശങ്ങളെക്കുറിച്ചു കൂടി ചിന്തിക്കണം’- കോടതി പ്രതികരിച്ചു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുതാത്പര്യാര്‍ഥം പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും ഇഡിക്കെതിരേ വ്യാപക പരാതികള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍നിന്ന് നിര്‍ണായകമായ പരാമര്‍ശം ഉണ്ടായത്. സ്വതന്ത്ര ഏജന്‍സികളായ ഇഡിയെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാരുകള്‍ പ്രതിപക്ഷ നേതാക്കളെയും വിയോജിക്കുന്നവരെയും ലക്ഷ്യമിടുന്നെന്നും ഇതില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നെന്നും പരാതിയുണ്ട്.
ഛത്തീസ്ഗഡിലെ പൊതുവിതര സംവിധാനത്തിലെ അഴിമതിയെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. 2019ല്‍ ഇഡി കള്ളപ്പണക്കേസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ കേസില്‍ ഛത്തീസ്ഗഡ് പോലീസ് കുറ്റപത്രം നല്‍കിയിട്ടുണ്ട്. ആന്റി-കറപ്ഷന്‍ ബ്യൂറോയും കേസ് എടുത്തിട്ടുണ്ട്.
2015 ഫെബ്രുവരിയില്‍ സിവില്‍ സപ്ലൈസ് വിഭാഗമായ നാഗരിക് അര്‍പുതി നിഗം (നാന്‍) ഓഫീസ് വിജിലന്‍സ് റെയ്ഡ് ചെയ്യുകയും 3.64 കോടിയുടെ കണക്കില്‍പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥരടക്കം പ്രതികളാണ്.