
കാസര്‍കോട്: റെയില്‍വേ ഗേറ്റില്‍ മുഖാമുഖം വന്ന ബസുകള്‍ മാറ്റാതെ ഡ്രൈവര്‍മാര്‍ പരസ്പരം തര്‍ക്കിച്ചതോടെ ട്രെയിന്‍ പിടിച്ചിട്ടു. കാസര്‍കോട് തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ബീരിച്ചേരി റെയില്‍വെ ഗേറ്റിലാണ് അസാധാരണ സംഭവം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസാണ് നിര്‍ത്തിയിടേണ്ടി വന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ചെറുവത്തൂര്‍ ഭാഗത്ത് നിന്നും വന്ന സ്വകാര്യബസ് റെയില്‍വേ ഗേറ്റ് കടക്കുന്നതിനിടെ മറുഭാഗത്ത് പയ്യന്നൂരില്‍ നിന്ന് തൃക്കരിപ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരേ വന്നു. ഒരു ബസിന്റെ പിന്‍ഭാഗം ട്രെയിന്‍വരുന്ന ട്രാക്കിലേക്ക് തള്ളിനിന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും ഇരു ബസ് ഡ്രൈവര്‍മാരും തര്‍ക്കം തുടര്‍ന്നതോടെ ഗേറ്റ് അടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റെയില്‍വേ ഗേറ്റിന് 500 മീറ്ററകലെ ട്രെയിന്‍ നിര്‍ത്തി. ഈ സമയം നാട്ടുകാരും റെയില്‍വേ ഗേറ്റ് കീപ്പറും ഇടപെട്ടതോടെ പയ്യന്നൂരില്‍ നിന്നെത്തിയ ബസ് പിന്നോട്ട് നീക്കി. അഞ്ച് മിനിട്ടോളം ട്രെയിന്‍ ഇവിടെ തുടരേണ്ടി വന്നു. ഇതോടെ പിന്നാലെ വന്ന ട്രെയിനുകളും വൈകി.