
കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ സോണല്‍ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ല എന്നും ഇ.ഡി ഓഫിസിലേക്ക് കയറുന്നതിനു മുന്‍പ് ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു.
കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസിലും ഗോകുലം മാളിലുമാണ് വെള്ളിയാഴ്ച ഇ.ഡി പരിശോധന നടത്തിയത്. ചെന്നൈയിലെ പരിശോധന ശനിയാഴ്ചയും തുടര്‍ന്നിരുന്നു. റെയ്ഡില്‍ ഒന്നര കോടി രൂപയും ഫെമ നിയമം ലംഘിച്ചതിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു. മാത്രമല്ല, ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് പ്രവാസികളില്‍നിന്നും 371.80 കോടി രൂപയും 220.74 കോടി രൂപയുടെ ചെക്കും സ്വീകരിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇത് റിസര്‍വ് ബാങ്ക് ചട്ടങ്ങളുടെയും വിദേശ നാണയ വിനിമയ ചട്ടങ്ങളുടെയും (ഫെമ) ലംഘനമാണെന്ന് ഇ.ഡി പറയുന്നു. 592.54 കോടി രൂപ പ്രവാസികളില്‍നിന്ന് സ്വീകരിച്ചതിനു പുറമെ രാജ്യത്തിനു പുറത്ത് താമസിക്കുന്നവര്‍ക്ക് വലിയ അളവില്‍ പണം നല്‍കിയിട്ടുണ്ടെന്നും ഇതും ഫെമ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണെന്നും ഇ.ഡി കണ്ടെത്തി.

റെയ്ഡിന്റെ ഭാഗമായി ഗോകുലം ഗോപാലനെ ചെന്നൈയില്‍ വിളിച്ചു വരുത്തുകയും ഏഴു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. എന്നാല്‍ എന്തിനാണ് വിളിപ്പിച്ചത് എന്നറിയില്ലെന്നും ഒന്നര കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തെന്ന വിവരം തെറ്റാണെന്നുമാണ് ഗോകുലം ഗോപാലന്‍ പ്രതികരിച്ചത്.
എമ്പുരാന്‍ വിവാദവുമായി നിലവിലെ നിയമനടപടികള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുമ്പോഴും ഈ സിനിമയ്ക്കായി മുടക്കിയ തുകയുടെ കണക്കടക്കം പരിശോധനയിലുണ്ട്. 2022 മുതല്‍ ഗോകുലം ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കുന്നുണ്ട്. 2022ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്. മുന്‍ നിര്‍മാതാക്കള്‍ പിന്മാറിയതോടെ അവസാന ഘട്ടത്തിലാണ് ഗോകുലം ഗോപാലന്‍ എമ്പുരാന്‍ സിനിമയുെട നിര്‍മാണ പങ്കാളിയായി എത്തിയത്.