‘മക്കളേ ഒന്ന് ഓടിവാടാ… അലനെ കാട്ടാന കുത്തി… ചോരവാർന്ന് കിടക്കുകയാ’… ആ അമ്മ അലറിക്കരഞ്ഞു!! വീട്ടിലെത്താൻ നൂറുമീറ്റർ അകലെവച്ച് കാട്ടാന ആക്രമണം, നടപടിയുണ്ടാകാതെ മൃതദേഹം ഏറ്റുവാങ്ങില്ല- നാട്ടുകാർ

പാലക്കാട്: മക്കളേ ഒന്ന് ഓടിവാടാ… അലനെ കാട്ടാന കുത്തി… ചോരവാർന്ന് കിടക്കുകയാ… കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് കിടക്കുമ്പോഴും കൺമുന്നിൽ ജീവനുവേണ്ടി പിടയുന്ന മകനായി ആ അമ്മ ആർത്തുകരഞ്ഞു. ചേച്ചി കാണാൻ പോകണമെന്നു പറഞ്ഞ് പിരിഞ്ഞതായിരുന്നു. പിന്നെ സുഹൃത്തുക്കൾ കണ്ടത് ജീവൻ നഷ്ടപ്പെട്ട അലനെ. നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയിൽ തടിച്ചുകൂടിയത്.
ഞായറാഴ്ച രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ അലന് ജീവൻ നഷ്ടമായത്. അലനൊപ്പമുണ്ടായിരുന്ന മാതാവ് വിജി പരുക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫീസ് മാർച്ചും നടത്തുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരുക്കേറ്റു വീണ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരുക്കേറ്റ അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിൻറെ വലതുഭാഗത്തും പരുക്കുമായി വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്.
വീട്ടിലെത്താൻ വെറും നൂറു മീറ്റർ മാത്രം ബാക്കിനിൽക്കെയാണ് അലന്റെ ജീവൻ കാട്ടാനയെടുത്തത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണുണ്ടായിരുന്നത്. നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവർ കണ്ടിരുന്നില്ല. ആന തട്ടിയപ്പോഴാണ് ഇവർ തിരിച്ചറിഞ്ഞത്.
അതേസമയം അലൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. അലൻറെ മരണത്തിൽ നടപടിയെടുക്കാതെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. മുന്നോട്ടു വച്ച ആവശ്യങ്ങൾ അംഗീകരിക്കുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കി. മോർച്ചറിക്കു മുന്നിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവർ ഉയർത്തുന്നത്.
കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, അമ്മ വിജിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം, കാട്ടാനകൾ സ്ഥിരമായി വരുന്നത് തടയാൻ ശാശ്വത പരിഹാരം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്. അതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് ഡി എഫ് ഒ ഓഫീസ് മാർച്ച് നടത്തും. വനം വകുപ്പിൻറെ അനാസ്ഥയിൽ പ്രതിഷേധിച്ച് രാവിലെ 11 നാണ് മാർച്ച് നടത്തുക.