
ചെന്നൈ: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ കൊടി ഉയര്‍ന്നു. തമുക്കം മൈതാനത്ത് സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറില്‍ ബുധനാഴ്ച രാവിലെ മുതിര്‍ന്ന സിപിഎം നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി. അധഃസ്ഥിതരുടെ പോരാട്ടവീര്യത്തിന്റെ ചരിത്രംകൂടി പേറുന്ന ക്ഷേത്രനഗരം അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമെത്തുന്ന സമ്മേളനത്തിന് വേദിയൊരുക്കാന്‍ ചുവന്നുകഴിഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ ഹാളില്‍ പൊതുസമ്മേളനം 10.30-ന് പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. മുന്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ അധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് തുടങ്ങുന്ന പ്രതിനിധിസമ്മേളനത്തില്‍ 731 പ്രതിനിധികളും 80 നിരീക്ഷകരും പങ്കെടുക്കും.

രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായിവിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസാരിക്കും. സമാപനദിവസമായ ഏപ്രില്‍ ആറിന് വൈകീട്ട് റെഡ് വൊളന്റിയര്‍ മാര്‍ച്ചും റാലിയും നടക്കും.