IndiaNEWS

സനാതന ധര്‍മം പാലിക്കാന്‍ പോരാടി, സ്വാമി ‘ആവിയായി’? നിത്യാനന്ദ സമാധിയായെന്ന് അനുയായി

ചെന്നൈ: വിവാദ നായകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലായിരുന്നു വെളിപ്പെടുത്തല്‍. സനാതന ധര്‍മം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്‌തെന്നാണ് സുന്ദരേശ്വരന്‍ അനുയായികളെ അറിയിച്ചത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നിഷേധിക്കുന്നുണ്ട്.

മരണവാര്‍ത്ത ഏപ്രില്‍ ഫൂള്‍ എന്ന അര്‍ഥത്തില്‍ പങ്കുവച്ചതാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്നുണ്ട്. നേരത്തെയും നിരവധി തമിഴ്, ദേശീയ മാധ്യമങ്ങള്‍ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Signature-ad

തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യനന്ദയുടെ ജനനം. പിന്നീട് ആത്മീയതയിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, അദ്ദേഹം വലിയ തോതില്‍ ഭക്തരെ ആകര്‍ഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ആശ്രമങ്ങളും കെട്ടിപ്പടുത്തു.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയാണ് 2010ല്‍ സിനിമ നടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അശ്ലീല വീഡിയോ പുറത്തുവന്നത്. ഇതിനിടെ ബലാത്സംഗ, ലൈംഗിക പീഡന കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തി. തങ്ങളുടെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയ്ക്കു പിന്നാലെ നിത്യാനന്ദ ഇന്ത്യ വിടുകയായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി ‘കൈലാസ’ എന്ന പേരില്‍ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൈലാസയ്ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട് വരെയുണ്ടായിരുന്നു എന്നാതായിരുന്നു വാര്‍ത്തകള്‍.

ലോകത്തിലെ തന്നെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാസ്പോര്‍ട്ടിന് പുറമേ പൗരത്വം, കറന്‍സി തുടങ്ങിയവ പ്രഖ്യാപിച്ചത്. എന്നാല്‍, കൈലാസം ഒരു വ്യാജ രാജ്യമാണെന്നും തട്ടിപ്പാണെന്നുമായിരുന്നു പലരുടെയും ആക്ഷേപം. അതിനിടയിലാണ് നിത്യാനന്ദ മരണപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: