
ആലപ്പുഴ: കറ്റാനം ജംഗ്ഷന് സമീപം ഇല്ലത്ത്മുക്ക്-തഴവാമുക്ക് റോഡില്‍ രാത്രിയില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍. വടിവാള്‍ കറക്കിയും വാള്‍ റോഡിലുരസി തീ പാറിച്ചും കത്തി വീശിയും നാട്ടുകാരെ ഭീഷണിപ്പെടുത്തിയ യുവാക്കളെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് കട്ടച്ചിറ മുറിയില്‍ ചരിവ് പറമ്പില്‍ മുഹമ്മദ് നാഫില്‍( 21), ഭരണിക്കാവ് മഞ്ഞാടിത്തറ മുറിയില്‍ നിതിന്‍ (20)എന്നിവരാണ് അറസ്റ്റിലായത്.
അതിനിടെ, മാസങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ മോഷണങ്ങള്‍ നടത്തിയ കുറുവസംഘത്തിലെ ഒരാള്‍കൂടി പിടിയിലായി. കുറുവസംഘാംഗമായ കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് തമിഴ്നാട്ടിലെ മധുരയില്‍നിന്ന്, മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ ആലപ്പുഴയില്‍ നടന്ന മോഷണത്തില്‍ കുറുവസംഘത്തിലെ അവസാനപ്രതിയും പിടിയിലായതായി പോലീസ് പറഞ്ഞു.

മൂന്നുമാസം മുമ്പാണ് മണ്ണഞ്ചേരിയിലെ പത്തിലധികം വീടുകളില്‍ കുറുവസംഘം മോഷണം നടത്തിയത്. അര്‍ധനഗ്‌നരായി മുഖംമൂടി ധരിച്ചെത്തി മോഷണം നടത്തുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലെ കുണ്ടന്നൂരില്‍നിന്ന് കുറുവസംഘാംഗങ്ങളായ ചിലരെ പിടികൂടി.
എന്നാല്‍, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കുറുവാസംഘാംഗമായ സന്തോഷ് ശെല്‍വന്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവില്‍ കായല്‍ക്കരയിലെ ചെളിയില്‍ ഒളിച്ചിരുന്ന സന്തോഷിനെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
കുണ്ടന്നൂരില്‍നിന്ന് സന്തോഷ് അടക്കമുള്ളവരെ കണ്ടെത്തിയെങ്കിലും ഇവരുടെ കൂട്ടാളികളെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറുവസംഘത്തിലെ പ്രധാനികളിലൊരാളായ കട്ടുപൂച്ചനെ തമിഴ്നാട്ടിലെ മധുരയില്‍നിന്ന് പിടികൂടിയത്. മധുരയിലെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.