
ചണ്ഡീഗഡ്: തിരക്കേറിയ റോഡിലെ സീബ്രാ ക്രോസിങ്ങില്‍ നൃത്തം ചെയ്യുന്ന ഭാര്യയുടെ റീല്‍ വൈറലായതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് സസ്പെന്‍ഷന്‍. ചണ്ഡീഗഡ് പോലീസ് സേനയിലെ കോണ്‍സ്റ്റബിളായ അജയ് കുണ്ടുവിനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 20-നാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. അജയ്യുടെ ഭാര്യ ജ്യോതിയും സഹോദരന്റെ ഭാര്യയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റോഡിലെ സീബ്രാ ലൈനില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്.
നടുറോഡില്‍ വെച്ചുള്ള ജ്യോതിയുടെ നൃത്തം ഈ മേഖലയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. തിരക്കുള്ള റോഡില്‍ ഡാന്‍സ് ചെയ്യുന്നതിന്റെയും ഇത് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് ഛണ്ഡീഗഡ് സെക്ടര്‍ 34 പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിക്കുകയും ജ്യോതിക്കും കൂടെയുണ്ടായിരുന്നു യുവതിക്കുമെതിരേ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

ഭാര്യയുടെ വൈറല്‍ വീഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതിനാണ് അജയ് കുണ്ടുവിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകള്‍ക്കെതിരേയും കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
അതേസമയം, അജയ് കുണ്ടുവിനെതിരേ സ്വീകരിച്ചിട്ടുള്ള നടപടിക്കെതിരേ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഭാര്യ ചെയ്ത നിയമലംഘനത്തില്‍ ഭര്‍ത്താവിനെതിരേ നടപടിയെടുത്തത് ദൗര്‍ഭാഗ്യകരമാണെന്നാണ് പ്രതികരണങ്ങള്‍. അദ്ദേഹത്തിനെതിരേ സ്വീകരിച്ച നടപടി ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്നും വീഡിയോ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്തതിനാണ് ആ ഉദ്യോഗസ്ഥന്‍ നടപടി നേരിട്ടതെന്നും പോകുന്നു വിമര്‍ശനങ്ങള്‍.