
എറണാകുളം: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ അത്താഴപൂജയ്ക്കു ശേഷം മദ്യപിച്ച് സമീപത്തെ ഹോട്ടലില്‍ കീഴ്ശാന്തിയെ മര്‍ദ്ദിച്ചതിന് പുറത്താക്കിയ രണ്ട് പൂജാരിമാരെ തിരികെ പ്രവേശിപ്പിച്ചതില്‍ വിവാദം. ഇവരില്‍ ഒരാള്‍ സി.പി.ഐ അനുഭാവിയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് തിരിച്ചെടുത്തത്. ക്ഷേത്രത്തിലെ ശ്രീകോവിലുകളിലൊന്നായ മേല്‍ക്കാവിലെ കീഴ്ശാന്തിമാരാണ് ഇരുവരും. മര്‍ദ്ദനമേറ്റത് ക്ഷേത്രത്തിലെ മറ്റൊരു ശ്രീകോവിലായ കീഴ്ക്കാവിലെ കീഴ്ശാന്തിക്കാരനാണ്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത് കഴിഞ്ഞ 23ന് രാത്രി പത്തി?ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ രാജേശ്വരി ഹോട്ടലിലായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കീഴ്ക്കാവിലെ ശാന്തിക്കാരനെ മര്‍ദ്ദിച്ചത്. നെറ്റിക്കും ചുണ്ടിനും പരിക്കേറ്റു. മുത്തുമാല ആവശ്യപ്പെട്ട് മുമ്പുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

മര്‍ദ്ദനമേറ്റ ശാന്തിക്കാരന്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും നല്‍കി. തുടര്‍ന്നാണ് രണ്ടുപേരെയും പുറത്താക്കിയത്. ഇവരും പരാതി നല്‍കിയിരുന്നു. പിന്നീട് സംഭവം പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പിലെത്തി. തുടര്‍ന്ന് ഇരുവരേയും തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ചില സി.പി.ഐ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.
എന്നാല്‍, മര്‍ദ്ദിച്ചവരും മര്‍ദ്ദനമേറ്റ ശാന്തിക്കാരനും ദേവസ്വം ബോര്‍ഡ് ജീവനക്കാരല്ലെന്നാണ് അധികൃതരുടെ വാദം. അതിനാല്‍ തിരിച്ചെടുക്കുന്നതില്‍ നടപടിക്രമങ്ങളൊന്നും ഇല്ലെന്നും അവര്‍ വിശദീകരിക്കുന്നു. മേല്‍ക്കാവിലെയും കീഴ്ക്കാവിലെയും മേല്‍ശാന്തിമാരാണ് യഥാക്രമം ആറുപേരേയും മൂന്നുപേരെയും കീഴ്ശാന്തിമാരായി നിയോഗിക്കുന്നത്. ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നതും മേല്‍ശാന്തിമാരാണ്. ആധാര്‍ കാര്‍ഡ് വാങ്ങിവയ്ക്കുന്നതൊഴികെ ഇവരുടെ കഴിവോ സ്വഭാവമോ പരിശോധിക്കാറില്ലെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു.