
തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്സൈസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. 15 മുറികളില്‍ പരിശോധന നടത്തി.
ആളൊഴിഞ്ഞ ഒരു മുറിയില്‍നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം പറയുന്നു. മുറിയില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. പരിശോധന പെട്ടെന്ന് അവസാനിപ്പിച്ച് എക്സൈസ് സംഘം മടങ്ങി. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ റെയ്ഡ് ഉദ്ദേശിച്ചാണ് എക്സൈസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ മൂന്നു നാലു മുറികളില്‍ പരിശോധന നടത്തിയതിനു ശേഷം പൊടുന്നന്നെ സംഘം പിന്‍വാങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം പരിശോധനകളുടെ ഭാഗമായി നഗരത്തില്‍ അറസ്റ്റ് ചെയ്ത ആളുകളില്‍നിന്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ എക്സൈസ് തീരുമാനിച്ചത്. എല്ലാ മുറികളിലും പരിശോധന നടത്താനായിരുന്നു എക്‌സൈസിന്റെ തീരുമാനം.
കളമശേരിയില്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്താകെ വ്യാപക പരിശോധന നടത്താനാണ് പൊലീസും എക്സൈസ് വകുപ്പും തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു.