
കോഴിക്കോട്: വേദവ്യാസ സൈനിക സ്‌കൂളില്‍നിന്നു കാണാതായ സന്‍സ്‌കര്‍ കുമാര്‍(13) എന്ന ബിഹാര്‍ മകത്പുര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം. കാണാതാകുന്നതിനു മുന്‍പ് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ ഫോണില്‍നിന്ന് സന്‍സ്‌കര്‍ ആരുമായോ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നു. സ്‌കൂള്‍ അവധി ആരംഭിച്ചോ എന്ന ചോദ്യങ്ങള്‍ക്ക് ‘ഇല്ലെന്നും’ സ്‌കൂളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ വാര്‍ഡന്റെ ഫോണില്‍ നിന്നാണ് സന്ദേശങ്ങള്‍ അയയ്ക്കുന്നതെന്നും സന്‍സ്‌കര്‍ മറുപടി പറഞ്ഞിരുന്നതായുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.
കാണാതാകുന്നതിനു തലേദിവസം ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍നിന്ന് സന്‍സ്‌കറിനെത്തേടി കോളുകള്‍ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കാന്‍ നിയന്ത്രണമുള്ള സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ കയ്യില്‍ ഫോണ്‍ ലഭിക്കുകയും ഇന്‍സ്റ്റഗ്രാം ചാറ്റിനുള്ള അവസരം ഒരുങ്ങുകയും ചെയ്തത് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് സുകാന്തിന്റെ പിതാവ് ആരോപിച്ചു.

അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച കാണാതായ സന്‍സ്‌കറിന് വേണ്ടിയുള്ള തിരച്ചിലിനിടയില്‍ കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ മാര്‍ച്ച് 24ന് രാവിലെ 11.15ന് പതിഞ്ഞ ദൃശ്യങ്ങളിലാണ് കുട്ടിയുടെ സാന്നിധ്യമുള്ളത്. കുട്ടി ബിഹാറിലേക്കാണോ പോയതെന്നുള്‍പ്പെടെ പൊലീസ് അന്വേഷിച്ചിരുന്നു. പുണെ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഹോസ്റ്റലില്‍നിന്നു നടന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്കു പോകുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
അതിസാഹസികമായാണു കുട്ടി ഹോസ്റ്റലില്‍നിന്നു രക്ഷപ്പെട്ടതെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍നിന്നു കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്കു ചാടിയാണ് പുറത്തുപോയത്. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നു. മൊബൈല്‍ ഫോണില്ല. ബിഹാറിലുള്ള രക്ഷിതാക്കള്‍ക്കും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.