Breaking NewsLead NewsNEWSWorld

പുടിന്‍ ഉടന്‍ മരിക്കുമെന്ന സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്കു പിന്നാലെ റഷ്യന്‍ പ്രസിഡന്റിന്റെ ലിമോസിന്‍ പൊട്ടിത്തെറിച്ചു; സംഭവം റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ മൂക്കിനു താഴെ; വധശ്രമമെന്നു റഷ്യ

ക്രെംലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നുമുള്ള യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പുടിന്റെ ലിമോസിന്‍ പൊട്ടിത്തെറിച്ചു! ലിമോസിന്‍ കാറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇതു പുടിനെതിരേയുള്ള വധശ്രമമാണെന്ന സൂചനകളും ഉയരുന്നത്.

റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കോണ്‍വോയില്‍ ഉള്‍പ്പെടുന്ന ഓറസ് സെനറ്റ് ലിമോസിന്‍ കാറാണു മോസ്‌കോയിലെ തെരുവില്‍വച്ചു പൊട്ടിത്തെറിച്ചു തീപിടിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഏജന്‍സിയായ എഫ്എസ്ബിയുടെ ആസ്ഥാനത്തിനു സമീപമാണു സംഭവം. മാര്‍ച്ച് 29ന് ആണു സംഭവമെന്ന് യൂറോ വീക്ക്‌ലിയും റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

അമേരിക്കയുടെ നേതൃത്വത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ സംഭവമായതിനാല്‍ ഇക്കാര്യത്തില്‍ വിവിധ സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. യുദ്ധം നീട്ടിക്കൊണ്ടു പോകാനുള്ള കാരണമായി റഷ്യ ഇത് ഉയര്‍ത്തിക്കാട്ടിയേക്കുമെന്ന ആശങ്കയുമുണ്ട്.

കാറില്‍ തീപടര്‍ന്നതിനു പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചു കെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്‍ജിനില്‍നിന്നു പടര്‍ന്ന തീ, അകത്തേക്കും ആളിക്കത്തിയിട്ടുണ്ട്. ഈ സമയം കാറിനുള്ളില്‍ ആരൊക്കെയുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യുദ്ധത്തിന്റെ ഭാഗമായി യുക്രൈനിന്റെ വടക്കന്‍ മേഖലയിലെ ആയിരം കിലോമീറ്റര്‍ പരിധിയില്‍ പുതിയ യുദ്ധമുഖം തുറക്കാനുള്ള നീക്കത്തിലാണു റഷ്യയെന്നും സമാധാന ചര്‍ച്ചകള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചു നീട്ടിക്കൊണ്ടു പോകാനാണു ശ്രമമെന്നും സെലന്‍സ്‌കി ആരോപിച്ചു.

നേരത്തേ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ മരിക്കുമെന്നും യുദ്ധം ഉടന്‍ അവസാനിക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പാരീസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.

‘അദ്ദേഹം (പുടിന്‍) ഉടന്‍ മരിക്കും, അതൊരു വസ്തുതയാണ്, യുദ്ധം അവസാനിക്കുകയും ചെയ്യും,’ ബുധനാഴ്ച പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെലന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാന, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ക്രെംലിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ ശക്തമായി തുടരാന്‍ അദ്ദേഹം യുഎസിനോട് ആവശ്യപ്പെടുകയും ചെയ്തു. ‘ഈ ആഗോള ഒറ്റപ്പെടലില്‍ നിന്ന് പുടിനെ പുറത്തുകടക്കാന്‍ അമേരിക്ക സഹായിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്,’ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. ‘ഇത് അപകടകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഏറ്റവും അപകടകരമായ നിമിഷങ്ങളില്‍ ഒന്നാണ്. അവര്‍ പുടിനെ സമ്മര്‍ദ്ദത്തിലാക്കിയാല്‍, അദ്ദേഹം തന്റെ സമൂഹത്തില്‍ അസ്ഥിരത നേരിടേണ്ടിവരും, അദ്ദേഹം അതിനെ ഭയപ്പെടും,’ യുക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞു.

പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടെയാണ് സെലന്‍സ്‌കിയുടെ പ്രസ്താവന. റഷ്യന്‍ നേതാവ് നിര്‍ത്താതെ ചുമയ്ക്കുന്ന വീഡിയോകള്‍ പുറത്തുവന്നത് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. 2022-ല്‍ പുറത്തുവന്ന ഒരു വീഡിയോയില്‍, മുന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്‍ മേശയില്‍ പിടിച്ചുകൊണ്ട് കസേരയില്‍ ചാരിയിരിക്കുന്നതായി കാണിച്ചു. 2014ല്‍ പുടിന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം ക്രെംലിന്‍ നിഷേധിച്ചിരുന്നു.

പുടിന്‍ അദ്ദേഹത്തിന്റെ അനുയായിയാല്‍ കൊല്ലപ്പെടുമെന്ന് നേരത്തെ സെലന്‍സ്‌കി പറഞ്ഞിട്ടുണ്ട്. യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് ‘വര്‍ഷം’ എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലായിരുന്നു സെലെന്‍സ്‌കിയുടെ പരാമര്‍ശം. യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്.

 

Back to top button
error: