Breaking NewsBusinessLead NewsNEWSTRENDINGWorld

തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടി; പ്രതിഷേധത്തില്‍ ടെസ്ലയുടെ ഓഹരികള്‍ കൂപ്പുകുത്തി; കാനഡയിലും ടെസ്ലയ്ക്ക് വിലക്കു വന്നതോടെ ‘പണികളയല്‍’ വകുപ്പിന്റെ ചുമതല ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്; കോടതികളിലും കേസുകളുടെ കൂമ്പാരം

ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ കഴിവുകെട്ടവരെന്നു ചൂണ്ടിക്കാട്ടി കൂട്ടപ്പരിച്ചുവിടലിനു നേതൃത്വം നല്‍കിയ ഇലോണ്‍ മസ്‌കിന് വാഹന വിപണിയില്‍ വന്‍ തിരിച്ചടി. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ഓഹരികള്‍ക്കു വന്‍ ഇടിവുണ്ടായതോടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യില്‍നിന്ന് മാറുമെന്നും മസ്‌ക്.

അമേരിക്കയിലെ പണികളയല്‍ വകുപ്പായിട്ടാണു ഡോജിനെ വിമര്‍ശകര്‍ വിലയിരുത്തിയത്. ഒരു സുപ്രഭാതത്തില്‍ പണി പോയവര്‍ വ്യാപകമായി കോടതികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെയാണു ടെസ്ലയ്‌ക്കെതിരേ വ്യാപക കാമ്പെയ്‌നുമായി ലോകമെമ്പാടുമുള്ളവര്‍ രംഗത്തെത്തിയത്. അടുത്തിടെ കാനഡ മോട്ടോര്‍ ഷോയില്‍ ടെസ്ലയ്ക്കു വിലക്കും ഏര്‍പ്പെടുത്തിയത് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. അമേരിക്കയില്‍ കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരെന്നു ചൂണ്ടിക്കാട്ടി പുറത്താക്കിയതിലെല്ലാം മസ്‌കിന്റെ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്.

Signature-ad

സര്‍ക്കാരിന് ഒരു ട്രില്യണ്‍ ലാഭമുണ്ടാക്കിയതിനുശേഷമാണ് മാറുന്നതെന്നും ചെലവു ചുരുക്കല്‍ പരിപാടികളിലുടെ പ്രതിദിനം 4 ബില്യണ്‍ ഡോളര്‍ ചെലവു ചുരുക്കിയെന്നും മസ്‌ക് പറയുന്നു. 130 ദിവസത്തിനുള്ളില്‍ ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമാണെന്നു കരുതുന്നില്ലെന്നും സര്‍ക്കാരിന് ഒരു ട്രില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കിയെന്നും മസ്‌ക് പറഞ്ഞു.

പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണു ഡോജിന്റെ തലപ്പത്തേക്കു മസ്‌കിനെ നിയമിച്ചത്. ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ എന്തു ചെയ്യുന്നെന്ന് അറിയിക്കണമെന്നും ജോലി നഷ്ടമാകാതിരിക്കാന്‍ കാരണം കാണിക്കണമെന്നും ചൂണ്ടിക്കാട്ടി ആദ്യ ദിവസം തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയയ്ക്കുകയാണു മസ്‌ക് ചെയ്തത്. സര്‍ക്കാര്‍ സര്‍വീസ് മുഴുവന്‍ അലസന്‍മാരാണെന്നും ഇവരെ കൊണ്ടുനടക്കുന്നത് അനാവശ്യ ചെലവാണെന്നുമായിരുന്നു കാരണം. ഇതോടൊപ്പം വിദേശ സഹായം നല്‍കാനുള്ള യുഎസ്എയ്ഡില്‍നിന്ന് 10,000 ജീവനക്കരെ ഒഴിവാക്കിയതും വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

എന്നാല്‍, മസ്‌കിന്റെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്കെതിരേ ജനം സംഘടിച്ചതോടെയാണു പത്തി മടക്കുന്നതെന്നാണു വിവരം. മസ്‌കിന്റെ കമ്പനിയായ ടെസ്ലയ്‌ക്കെതിരേ വന്‍ കാമ്പെയ്‌നാണ് അടുത്തിടെയുണ്ടായത്. ഇലക്ട്രിക് വാഹന ഭീമനായ ടെസ്ലയുടെ ഓഹരി വിപണി അഞ്ചു ശതമാനം ഇടിഞ്ഞു. കമ്പനിക്കെതിരേ ദേശീയ പ്രക്ഷോഭവും രൂക്ഷമായി. മക്‌സിന് സമ്മര്‍ദമുണ്ടെന്ന് പറഞ്ഞതായി ടെസ്ലയുടെ ജീവനക്കാരനും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

എന്നാല്‍, ആദ്യ ഘട്ടത്തിലെല്ലാം വീമ്പിളക്കിത്തന്നെയായിരുന്നു മസ്‌കിന്റെ പ്രതികരണം. വഴിയില്‍ കല്ലുണ്ടെന്നും കാലാവസ്ഥ മോശമാണെന്നും തനിക്കറിയാമെന്നും പക്ഷേ, ഭാവി തെളിഞ്ഞതാണെന്നും മസ്‌ക് പറഞ്ഞു. അതേസമയം, ഡോജിന്റെ നടപടിക്കെതിരേ അമേരിക്കയിലെമ്പാടും നിയമ യുദ്ധങ്ങളും നടക്കുകയാണ്. സ്വകാര്യത ലംഘിച്ചതടക്കം ഡോജിനെതിരേ ആരോപിച്ചിട്ടുണ്ട്. യാതൊരു നിയമപിന്തുണയുമില്ലാതെയാണു ഡോജിന്റെ പ്രവര്‍ത്തനമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

Back to top button
error: