
മോഹൻലാൽ– പൃഥ്വിരാജ് സിനിമ ‘എമ്പുരാ’നിലെ ചില രംഗങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചു. അതു കൊണ്ടു തന്നെ സിനിമയിലെ 17ലേറെ രംഗങ്ങൾ ഒഴിവാക്കുന്നു. എഡിറ്റ് ചെയ്ത പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം ഉടൻ തിയേറ്ററിൽ എത്തും.
കാര്യമായ മാറ്റങ്ങളില്ലാതെ സിനിമയുടെ സെൻസറിങ് എങ്ങനെ പൂർത്തിയായി എന്നുള്ള അന്വേഷണം കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ടത്രേ. പ്രശ്നങ്ങൾ വഷളാവുന്നതായി സൂചന ലഭിച്ചതോടെ ആന്റണി പെരുമ്പാവൂർ നിർമാതാവ് ജി സുരേഷ് കുമാറിനെ സമീപിക്കുകയും ഈ പ്രശ്നത്തിൽ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സുരേഷ് കുമാറാണ് സിനിമയിലെ വിവാദമായ രംഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് സെൻസർ ബോർഡിന്റെ മുന്നിൽ സമർപ്പിക്കാൻ നിർദേശിച്ചത്. റീ സെൻസറിങ് കഴിഞ്ഞ് സിനിമ വ്യാഴാഴ്ച തിയറ്ററുകളിൽ എത്തും.

ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിലെ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ വിവാധ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രവും നേതാക്കളും രംഗത്തെത്തിയിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓർഗനൈസറിലെ വിമർശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത് എന്ന വിവരം പുറത്തുവന്നു. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾ കാര്യമായി ഇടപെട്ടില്ലെന്ന വിമർശനവും ഉണ്ട്.
രണ്ട് ദിവസം കൊണ്ട് 100കോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. സിനിമ ഹിന്ദുവിരുദ്ധം എന്നാണ് ഓർഗനൈസറിലെ കുറ്റപ്പെടുത്തൽ. ഈ ലേഖനത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാർ, ജെ നന്ദകുമാർ എന്നീ ആർഎസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമർശിച്ചു. .
നാളെയും മറ്റന്നാളും സെൻസർ ബോർഡിന് അവധിയായതിനാൽ ചൊവ്വാഴ്ചയാണ് ഈ വിഷയം ഇനി സെൻസർ ബോർഡ് പരിഗണിക്കുക. മൂന്നുമണിക്കൂറിൽ കൂടുതൽ ഉള്ള സിനിമയിൽ 17 ലധികം രംഗങ്ങൾ ഒഴിവാക്കുമ്പോൾ എങ്ങനെ അത് ആസ്വാദനത്തെ ബാധിക്കുമെന്നും ഒഴിവാക്കിയ ശേഷമുള്ള സിനിമയുടെ ദൈർഘ്യം എന്താണെന്നും കാത്തിരുന്ന് കാണേണ്ടിവരും.
ഏതായാലും വിവാദങ്ങളും വിമർശനങ്ങളും കണക്കിലെടുത്ത് സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ അത് മാറ്റാൻ നിർബന്ധിതരാവുകയായിരുന്നു. കേന്ദ്ര വാർത്താ വിനിമയ മന്ത്രി തന്നെ സെൻസർ ബോർഡിൽ ബന്ധപ്പെട്ട് സംവഭവങ്ങൾ ചോദിച്ച് അറിയുന്നതുവരെ കാര്യങ്ങൾ എത്തിയിരുന്നു.