
കുടക് ജില്ലയിൽ ഭാര്യയും മകളും ഭാര്യാമാതാപിതാക്കളും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ഒളിവിൽ പോയി. പൊന്നംപേട്ട് താലൂക്കിലെ ബേഗൂർ ഗ്രാമത്തിൽ കെ. ഗിരീഷ് (35) ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കത്തി ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു.

ഗിരീഷും മാഗിയും 7 വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും കൂലിപ്പണിക്കാരാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബേഗൂരിലെ കരിയയുടെ വീട്ടിലേക്ക് ഇവർ താമസം മാറിയത്.
കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. പ്രതിയെ കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കുടക് പൊലീസ് കേരള പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.