
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി ഉള്‍പ്പെട്ട മാസപ്പടി ആരോപണ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും, പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്. സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ നല്‍കിയ പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ പെറ്റീഷന്‍.
കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി. സിഎംആര്‍എല്‍, കെആര്‍ഇഎംഎല്‍ എന്നിവയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചു എന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലെ ആരോപണം.

എന്നാല്‍ പരാതി വിജിലന്‍സ് കോടതി തള്ളി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹര്‍ജിയിലോ നല്‍കിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു കോടതി നിരീക്ഷണം. എന്നാല്‍ ഇത് തെറ്റാണെന്നും നിയമാധികാരം കടന്ന് വിജിലന്‍സ് കോടതി മിനി വിചാരണയാണ് നടത്തിയത് എന്നും ചൂണ്ടിക്കാട്ടിയാണ് കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
രാഷ്ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളിയതും തെറ്റാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇല്ലാത്ത സേവനത്തിനാണ് സിഎംആര്‍എല്‍ എക്‌സാലോജിക്കിന് ഉള്‍പ്പെടെ പ്രതിഫലം നല്‍കിയത് എന്നായിരുന്നു കേസിലെ പ്രധാന വാദം. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കുഴല്‍നാടന്‍ അന്വേഷണം ആവശ്യപ്പെട്ടത്.
ആദായനികുതി വകുപ്പും സിഎംആര്‍എല്ലും കക്ഷികളായ വിഷയത്തില്‍ മുഖ്യമന്ത്രിക്കും മറ്റുമെതിരെ വിജിലന്‍സ് അന്വേഷണമാവശ്യപ്പെടുന്നത് നിയമപരമല്ലെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. റിപ്പോര്‍ട്ട് കോടതി ഉത്തരവിന്റെ സ്വഭാവത്തിലുള്ളതല്ല. ഇത് രഹസ്യരേഖയായി സൂക്ഷിക്കേണ്ടതായിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് അന്വേഷണം ആവശ്യപ്പെടാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. നികുതി വിഷയത്തില്‍ കക്ഷിയല്ലാത്ത വീണ വിജയനെ രാഷ്ട്രീയ വിരോധം മൂലം കേസില്‍ വലിച്ചിഴച്ചതാണെന്നായിരുന്നു വീണയുടെ അഭിഭാഷകന്റെ വാദം.
മുഖ്യമന്ത്രിയുടെ മകള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ഉള്‍പ്പെടെ സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കളമശേരി സ്വദേശി ഗിരീഷ് ബാബു ഹര്‍ജി നല്‍കിയത്. എന്നാല്‍ പരാതി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തുടര്‍ന്നാണ് ഇതിനെതിരെ മുഖ്യമന്ത്രിക്കു പുറമേ യുഡിഎഫ് നേതാക്കളെയും എതിര്‍കക്ഷികളാക്കി ഗിരീഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ ഗിരീഷ് ബാബു മരിച്ചതിനെ തുടര്‍ന്ന് അമിക്കസ് ക്യൂറിയെ നിയോഗിച്ചായിരുന്നു വിഷയം കോടതി പരിശോധിച്ചത്.