
കൊച്ചി: ലഹരി ഇടപാട് കേസില്‍ സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 350 ഗ്രാം എം.ഡി.എം.എ. സഹിതം സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. 25 ലക്ഷത്തോളം വിലമതിക്കുന്ന രാസലഹരിയാണ് സംഘത്തില്‍നിന്നു പിടികൂടിയത്. ഹിമാചല്‍പ്രദേശില്‍ നിന്നും രാസലഹരി ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്യുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇത് പിന്നീട് നഗരത്തില്‍ വിതരണം ചെയ്യും.

വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഹിമാചല്‍ സംഘം വാട്സാപ്പില്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും. സൂസിയും സംഘവും നഗരത്തിലെ ഏജന്റുമാര്‍ക്കാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്.