
കൊച്ചി: സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം. തേയില വാങ്ങിയതിലെ ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.
സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റര്‍ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തേയില വാങ്ങിയതിലെ ക്രമക്കേട് വഴി സപ്ലൈകോക്ക് ഏകദേശം 8.91 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ഡമ്മി കമ്പനികളെ ഉപയോഗിച്ചാണ് ഇ-ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നാണ് സപ്ലൈകോ വ്യവസ്ഥ. എന്നാല്‍ സപ്ലൈകോയിലെ ഡപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു. വിപണി വിലയേക്കാള്‍ പത്തുമുതല്‍ പതിനഞ്ച് രൂപവരെ കൂട്ടിയാണ് സപ്ലൈകോ ഈ തേയില വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് എറണാകുളം, ഇടുക്കി ജില്ലകളിലായി 7.94 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ഷെല്‍ജി ജോര്‍ജടക്കമുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്. അതേസമയം ക്രമക്കേടില്‍ ആദ്യം അന്വേഷണം ആരംഭിച്ച വിജിലന്‍സ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.