CrimeNEWS

കോട്ടയത്ത് നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരി? പരാതിയുമായി കുടുംബം

കോട്ടയം: നാല് വയസുകാരന്‍ സ്‌കൂളില്‍നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനാണ് ലഹരി കലര്‍ന്ന ചോക്ലേറ്റ് കഴിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ ലഹരിപദാര്‍ഥത്തിന്റെ അംശം കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ ജനുവരി 17-നാണ് സംഭവം. ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന മരുന്നിന്റെ അംശമാണ് കുഞ്ഞിന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത്.

Signature-ad

ചോക്ലേറ്റ് കഴിച്ചശേഷം മകന്‍ ക്ലാസില്‍ കിടന്ന് ഉറങ്ങിയെന്ന് ടീച്ചര്‍ പറഞ്ഞതായി കുട്ടിയുടെ മാതാവ് വ്യക്തമാക്കി. ‘ടീച്ചര്‍ തന്നെയാണ് കുട്ടിയുടെ മുഖമെല്ലാം കഴുകിക്കൊടുത്തത്. സ്‌കൂളില്‍നിന്ന് വന്നശേഷം കുട്ടി ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂളില്‍ വിളിച്ചു പറഞ്ഞപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ചോക്ലേറ്റിന്റെ കവര്‍ അയച്ചുതന്നു.’- കുട്ടിയുടെ അമ്മ പ്രതികരിച്ചു.

അതേസമയം, സ്‌കൂളില്‍നിന്ന് കുട്ടിക്ക് ചോക്ലേറ്റൊന്നും നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ചോക്ലേറ്റില്‍ നിന്നാണോ കുട്ടിയുടെ ശരീരത്തിലേക്ക് ലഹരി എത്തിയതെന്ന് ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: