
മുംബൈ: പാക്കിസ്ഥാനെ ക്രിക്കറ്റില്‍ തോല്‍പിച്ച ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ സിന്ധുദുര്‍ഗിലെ ആക്രി കച്ചവടക്കാരനും ഭാര്യയ്ക്കും കോടതി ജാമ്യം അനുവദിച്ചു. ദമ്പതികളുടെ കസ്റ്റഡി നീട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. മാല്‍വണിലെ തര്‍ക്കര്‍ലി റോഡ് നിവാസി കിതാബുല്ല ഹമീദുല്ല ഖാനും ഭാര്യ ആയിഷയ്ക്കുമാണു പ്രാദേശിക കോടതി ജാമ്യം നല്‍കിയത്.
ഇവരുടെ 14 വയസ്സുള്ള മകനെ കസ്റ്റഡിയില്‍ എടുത്തശേഷം ജുവനൈല്‍ ഹോമില്‍ അയച്ചിരുന്നു. ഹമീദുല്ലയുടെ ആക്രിക്കട അനധികൃതമാണെന്ന് ആരോപിച്ച് മാല്‍വണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതര്‍ ഇടിച്ചുനിരത്തി. പ്രാഥമിക അന്വേഷണം പോലും നടത്താതെ തിരക്കിട്ട് ദമ്പതികളെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ വിമര്‍ശിച്ച് നിയമ വിദഗ്ധരില്‍ ചിലര്‍ രംഗത്തെത്തി.

നോട്ടീസ് നല്‍കുകയും വിശദീകരണം കേള്‍ക്കുകയും ചെയ്ത ശേഷം തൃപ്തികരമല്ലെങ്കില്‍ മാത്രം കടുത്ത നടപടികളിലേക്കു നീങ്ങുകയാണ് ചെയ്യേണ്ടത് എന്നിരിക്കെ തിടുക്കത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അഭിഭാഷകനായ നിതിന്‍ പ്രധാന്‍ പറഞ്ഞു. ഹമീദുല്ലയുടെ മകന്‍ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. ഇത് ചോദ്യം ചെയ്തപ്പോള്‍ ഹമീദുല്ലയും ഭാര്യയും പ്രകോപനപരമായി മുദ്രവാക്യങ്ങള്‍ ആവര്‍ത്തിച്ചെത്തും പരാതിക്കാര്‍ പറയുന്നു.