
ന്യൂഡല്‍ഹി: മഹാശിവരാത്രി ദിനത്തില്‍ സര്‍വകലാശാല മെസില്‍ മാംസാഹാരം വിളമ്പിയതിന് പിന്നാലെ കൂട്ടയടി. ഡല്‍ഹി സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയിലാണ് രണ്ട് സംഘം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എസ്എഫ്ഐ – എബിവിപി വിദ്യാര്‍ത്ഥികളാണ് തമ്മിലടിച്ചത്. സംഭവത്തില്‍ സര്‍വകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. സര്‍വകലാശാല ആഭ്യന്ത അന്വേഷണം നടത്തുകയാണ് എന്നാണ് വിവരം.
സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ സംഘര്‍ഷമുണ്ടായെന്ന് ഇന്നലെ വൈകിട്ട് 3.45ന് ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചതായി മൈദന്‍ഗരി പൊലീസ് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിനിയും കുറച്ച് യുവാക്കളും തമ്മില്‍ തല്ലുന്ന വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. മര്‍ദനമേറ്റ യുവതിയാണ് പൊലീസിനെ വിവരമറിയിച്ചത്. വിദ്യാര്‍ത്ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു.

ശിവരാത്രി ദിവസം സര്‍വകലാശാല മെസില്‍ മാംസാഹാരം വിളമ്പരുതെന്നത് പറഞ്ഞ് എബിവിപിയാണ് ആക്രമണം നടത്തിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. ഇതിനെ എതിര്‍ത്തതിനാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. പെണ്‍കുട്ടികളുടെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. മാംസാഹാരം വിളമ്പിയതിന് മെസ് ജീവനക്കാരെയും അവര്‍ ആക്രമിച്ചുവെന്നും എസ്എഫ്ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍, ശിവരാത്രി വ്രതം എടുത്ത വിദ്യാര്‍ത്ഥികളെ എസ്എഫ്ഐക്കാര്‍ നിര്‍ബന്ധിച്ച് മാംസാഹാരം കഴിപ്പിച്ചുവെന്നാണ് എബിവിപി പറയുന്നത്. സൗത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ മഹാ ശിവരാത്രി ദിനത്തില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ വ്രതം അനുഷ്ഠിച്ചു. മതവിശ്വാസത്തെയും പാരമ്പര്യത്തെയും മാനിച്ചുകൊണ്ട് തങ്ങള്‍ക്കായി സസ്യാഹാരം ഒരുക്കണമെന്ന് ഇവര്‍ മെസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇവര്‍ക്കായി സസ്യാഹാരം ഒരുക്കിയിരുന്നു. പക്ഷേ, ഇവിടെയെത്തിയ എസ്എഫ്‌ഐക്കാര്‍ നിര്‍ബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം വിളമ്പാന്‍ ശ്രമിച്ചുവെന്നാണ് എബിവിപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.