
തൃശൂര്‍: മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് നിലത്തുവീണ മധ്യവയസ്‌കന്‍ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ കായികാധ്യാപകന്‍ ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്. സുഹൃത്ത് രാജരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി 11.30ന് റീജനല്‍ തിയറ്ററിന് മുന്നിലായിരുന്നു സംഭവം. തൃശ്ശൂരില്‍ നാടകോത്സവം നടക്കുന്ന റീജ്യനല്‍ തിയേറ്ററിന് സമീപമുള്ള ബിയര്‍ പാര്‍ലറിലിരുന്നാണ് അനിലും രാജരാജനും മദ്യപിച്ചത്. ഇതിന് ശേഷം നാടക അക്കാദമിയുടെ ഉള്ളിലേക്ക് പോയി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജരാജന്‍ അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്.

നിലത്ത് തലയടിച്ച് വീണ അനില്‍ ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകന്റെ ദേഹത്ത് പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.