IndiaNEWS

പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തിയത് 64 കോടി തീര്‍ഥാടകര്‍! മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം

ലഖ്‌നൗ: 64 കോടിയിലേറെ തീര്‍ഥാടകരുടെ പങ്കാളിത്തത്താല്‍ ലോകശ്രദ്ധ നേടിയ മഹാകുംഭമേളയ്ക്കു ശിവരാത്രി ദിനത്തിലെ പുണ്യസ്‌നാനത്തോടെ ഇന്ന് സമാപനം. 45 ദിവസത്തെ തീര്‍ഥാടനം ത്രിവേണി സംഗമത്തിലെ അമൃതസ്‌നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.08 മുതല്‍ നാളെ രാവിലെ 8.54 വരെയാണ് അമൃതസ്‌നാനത്തിന്റെ മുഹൂര്‍ത്തം. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമഭൂമിയായ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിലേക്കു ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്.

അമൃത സ്‌നാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി മെഡിക്കല്‍ യൂണിറ്റുകളും അഗ്‌നിശമന സേനയും 24 മണിക്കൂറും സജ്ജമാണ്. സമയബന്ധിതമായി ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്ന് വാഹനങ്ങള്‍ക്കു പ്രവേശനമില്ലെന്നും വിഐപികള്‍ക്കു പ്രത്യേക പരിഗണനയില്ലെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു.

Signature-ad

”37,000 പൊലീസുകാരെയും 14,000 ഹോം ഗാര്‍ഡുകളെയും വിന്യസിച്ചിട്ടുണ്ട്. 2750 എഐ ക്യാമറകള്‍, 3 ‘ജല്‍’ പൊലീസ് സ്റ്റേഷനുകള്‍, 18 ‘ജല്‍’ പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍, 50 വാച്ച് ടവറുകള്‍ എന്നിവയാണു തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഒരുക്കിയത്. അമൃതസ്‌നാനം കഴിഞ്ഞു മടങ്ങുന്നവര്‍ക്കായി 360ല്‍ ഏറെ അധിക ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു. അപകീര്‍ത്തി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയാനായി 24 മണിക്കൂറും സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കും” ഡിഐജി വൈഭവ് കൃഷ്ണ വ്യക്തമാക്കി.

പൂര്‍ണ കുംഭമേള, അര്‍ധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകള്‍ പലതുണ്ട്. എല്ലാവര്‍ഷവും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ചെറിയ കുംഭമേളയുണ്ട്. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഹരിദ്വാര്‍, പ്രയാഗ്രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകള്‍. അര്‍ധകുംഭമേള 6 വര്‍ഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്രാജില്‍ മാത്രമാണ്. 12 വര്‍ഷങ്ങളിലെ ഇടവേളകളില്‍ നടത്തപ്പെടുന്ന 12 പൂര്‍ണ കുംഭമേളകള്‍ക്കു ശേഷമാണ് മഹാകുംഭമേള. കാശി വിശ്വനാഥ ക്ഷേത്രത്തിലാണു മഹാ കുംഭമേളയുടെ അവസാന ചടങ്ങുകള്‍. 2027ല്‍ മഹാരാഷ്ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള.

Back to top button
error: