
കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ പി.വി. അന്‍വറിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ പി.വി. അന്‍വറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി വ്യക്തമാക്കി.
എന്‍.ഡി.എയില്‍ നിന്നുള്ള അവഗണനയാണ് മുന്നണി വിടാന്‍ കാരണമെന്ന് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. ഘടകക്ഷിയെന്ന നിലയില്‍ എന്‍.ഡി.എയില്‍ നിന്ന് സംരക്ഷണം ലഭിച്ചില്ല. മുന്നണിയിലെടുത്തെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.

കൂടാതെ റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും വന്യജീവി ആക്രമണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിക്കാനും എന്‍.ഡി.എ.നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.