CrimeNEWS

മകനെ പരീക്ഷാകേന്ദ്രത്തിലാക്കാന്‍ ഭാര്യയും കാമുകനും ഒരുമിച്ചെത്തി; വെടിയുതിര്‍ത്ത് ഭര്‍ത്താവ്,യുവതി മരിച്ചു

ലഖ്‌നൗ: മകനെ പരീക്ഷാകേന്ദ്രത്തിലാക്കാന്‍ ഒരുമിച്ചെത്തിയ ഭാര്യയ്ക്കും കാമുകനും നേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. തലയില്‍ വെടിയേറ്റ സാവിത്രി (34) എന്ന യുവതി കൊല്ലപ്പെട്ടു. യുവതിയുടെ ഭര്‍ത്താവ് നരേഷ് സിങ് (40) ആണ് വെടിയുതിര്‍ത്തത്. ദമ്പതിമാരുടെ മകന്റെ പരാതിയില്‍ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

നരേഷ് ഏറെനാളായി ഭാര്യ സാവിത്രിയുമായി അകന്നുകഴിയുകയായിരുന്നു. ഔറംഗബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗാന്ധാരി സ്വദേശിയായ നരേഷ് 17 വര്‍ഷം മുമ്പാണ് സാവിത്രിയെ വിവാഹം കഴിച്ചത്. അക്ഷാന്‍ഷു (16), ഖുഷി എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഒരുവര്‍ഷം മുമ്പാണ് സാവിത്രി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മക്കളുമായി വീടുവിട്ടിറങ്ങിയത്. പിന്നാലെ സര്‍ജീത് സിങ് എന്നയാള്‍ക്കൊപ്പം താമസം ആരംഭിച്ചു.

Signature-ad

ഗാന്ധാരി സ്വദേശിയായ സര്‍ജീത് നിലവില്‍ നോയിഡയിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ അക്ഷാന്‍ഷുവിനെ പത്താംക്ലാസ് ബോര്‍ഡ് എക്സാമിനായി പരീക്ഷാകേന്ദ്രത്തില്‍ കൊണ്ടാക്കാന്‍ എത്തിയപ്പോഴാണ് സാവിത്രിക്കും സര്‍ജീതിനും നേരെ ആക്രമണമുണ്ടായത്. പരീക്ഷാകേന്ദ്രത്തിന് പുറത്ത് മറഞ്ഞുനിന്നാണ് നരേഷ് ആക്രമണം നടത്തിയത്. ഈ സമയം നരേഷിന്റെ സഹോദരനും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു.

സാവിത്രിയും കാമുകനും സ്ഥലത്തെത്തിയ ഉടന്‍ നരേഷ് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരാശുപത്രിയില്‍ പ്രവേശിപ്പിച്ച സര്‍ജീത് അത്യാസന്ന നിലയില്‍ തുടരുകയാണ്.

യുവതിയുടെ ഭര്‍ത്താവിനെതിരായി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നരേഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: