CrimeNEWS

ഉമ്മൂമ്മയെ കൊന്ന് കൊലപാതക പരമ്പരയ്ക്ക് തുടക്കം, കഴുത്തിലെ മാല എടുത്തു; ചുറ്റിക വാങ്ങിയത് കടംവാങ്ങിയ പണത്തിന്

തിരുവനന്തപുരം: അതിക്രൂര കൊലപാതകത്തിനാണ് തലസ്ഥാന നഗരി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. അഫാന്‍ എന്ന 23-കാരന്‍ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിലുംനിന്നും പ്രാഥമിക അന്വേഷണത്തിലും ഇവ വ്യക്തമാകുന്നുണ്ട്. എന്താണ് കൊലപാതക കാരണം എന്നതിനെക്കുറിച്ചും പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. നിലവില്‍ പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം കൊലപ്പെടുത്തിയത് ഉമ്മൂമ്മയെ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ പക്കല്‍ നിന്ന് മാല കവര്‍ന്നതായും പോലീസ് പറയുന്നു. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഇത് പൂര്‍ണ്ണമായും പോലീസ് വിശ്വസിക്കാനും തയ്യാറായിട്ടില്ല.

പെണ്‍സുഹൃത്തിന്റെ മുഖം അടിച്ചു തകര്‍ത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിക്കളഞ്ഞിരുന്നു പ്രതി. ഇത്രയും മൃഗീയമായ കൊലപാതകം നടത്തണമെങ്കില്‍ പ്രതി ലഹരിക്കടിമപ്പെടുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്വാധീനമോ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. പ്രതിയുടെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Signature-ad

ഉമ്മൂമ്മയെ കൊലപ്പെടുത്തുന്നതിന് വേണ്ടി വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് കല്ലറയിലെ വീട്ടിലേക്ക് ഉച്ചയ്ക്ക് 12.30ന് പ്രതി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 11.30ന് പള്ളിയിലെ സെക്രട്ടറി പിരിവിന് വേണ്ടി സല്‍മാബീവിയുടെ വീട്ടില്‍ എത്തിയിരുന്നു. അതിന് ശേഷമാണ് അഫാന്‍ സല്‍മാ ബീവിയുടെ വീട്ടില്‍ എത്തിയതെന്നാണ് വിവരം. വൈകിട്ട് അഞ്ച് മണിക്ക് ബന്ധു വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സല്‍മാ ബീവി ചോരയില്‍ കുളിച്ച് മരിച്ച് കിടക്കുന്നത് കാണുന്നത്. ഇതിന് ശേഷമാണ് പ്രതിയുടെ പിതാവ് റഹീമിന്റെ സഹോദരന്‍ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തുന്നത്. ഇതിന് ശേഷം തിരികെ വീട്ടിലെത്തി ഉമ്മയെ ആക്രമിച്ച ശേഷം സഹോദരനെയും കൊലപ്പെടുത്തി. കൊലപ്പെടുത്തും മുമ്പ് സഹോദരന്‍ ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതിനിടെ വീട്ടിലെത്തിയ പെണ്‍സുഹൃത്തിനേയും പ്രതി കൊലപ്പെടുത്തിയതായാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.

കൊലപാതക പരമ്പരയുടെ തുടക്കം പ്രതിയുടെ ഉമ്മൂമ്മ സല്‍മാ ബീവിയുടെ വീട്ടില്‍ നിന്നാണ് എന്നാണ് അനുമാനം. ഈ വീട്ടില്‍ പോലീസ് പരിശോധന നടത്തിവരിയാണ്. പ്രധാന തെളിവുകള്‍ ഇവിടെനിന്ന് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. എങ്ങനെ കൊലപാതകം നടപ്പാക്കി, എന്ത് ആയുധമാണ് ഉപയോഗിച്ചത്, ഉമ്മൂമ്മയുടെ എന്തൊക്കെ ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട് തുടങ്ങിയ വിവരങ്ങളൊക്കെ അറിയേണ്ടതുണ്ട്.

നിലവില്‍ സല്‍മാ ബീവിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഒരു മാല പ്രതി എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ മാല ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള പ്രതികാരമാണ് സല്‍മാ ബീവിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് മൊഴി. അതേസമയം എന്താണ് യഥാര്‍ത്ഥ കൊലപാതക പരമ്പരയ്ക്കുള്ള കാരണം എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

പിതാവിന്റെ കടബാധ്യത പരിഹരിക്കാനാണ് കൊലപാതകമെന്നാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പിതാവിന്റെ കടബാധ്യത പരിഹരിക്കാന്‍ ഒരു മാര്‍ഗവും കണ്ടില്ല. ബന്ധുക്കളെ സമീപിച്ചപ്പോള്‍ അവരും സഹായിച്ചില്ല. അതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാന്‍ പോലീസിന് കഴിഞ്ഞ ദിവസം നല്‍കിയ മൊഴി. ഇതിന് ശേഷം പോലീസ് പ്രതിയെ ഔദ്യോഗികമായി ചോദ്യം ചെയ്തില്ല. വിവരങ്ങള്‍ ചോദിക്കുമ്പോഴൊക്കെ ഇക്കാര്യം തന്നെയാണ് പറഞ്ഞിരുന്നത്.

പ്രതി, വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന്, ആഭരണം തരാം എന്ന് പറഞ്ഞ് പണയം വെക്കുന്നതിന് മുമ്പ് തന്നെ കടമായി പണം വാങ്ങിയിരുന്നു. ഉച്ചയ്ക്ക് ആഭരണം തരാം എന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. മൊഴി പ്രകാരം, വീട്ടില്‍ നിന്ന് ഇറങ്ങിയ അഫാന്‍ നേരെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തിലാണ് എത്തുന്നത്. ഉരുപ്പടി പിന്നെ കൊണ്ടുവരാം കുറച്ച് പണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു. നേരത്തെ പരിചയമുള്ളതിനാലാകണം, അവിടെ നിന്ന് പണം നല്‍കുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് വെഞ്ഞാറമൂടില്‍ നിന്ന് ചുറ്റിക വാങ്ങി. ഈ ചുറ്റികയുമായാണ് ഉമ്മൂമ്മ സല്‍മാ ബീവിയെ തലക്കടിച്ചു കൊലപ്പെടുത്തുന്നത്. അവിടെ നിന്ന് മാല കൈക്കലാക്കി. ആ മാലയുമായി വെഞ്ഞാറമൂട് തിരിച്ചെത്തിയ ശേഷം പണമിടപാട് സ്ഥാപനത്തില്‍ മാല ഏല്‍പ്പിക്കുന്നു. പിന്നീട് പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് പോകുന്നു. ഇവിടെവെച്ച് പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തുന്നു.

ശേഷം വീട്ടിലേക്ക് തിരിച്ചെത്തി ഉമ്മയെ ആക്രമിച്ചു. പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. ശേഷം പുറത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരനേയും കൊലപ്പെടുത്തുന്നു. എല്ലാം കഴിഞ്ഞ ശേഷം ഓട്ടോറിക്ഷയില്‍ പ്രതി പോലീസ് സ്റ്റേഷനിലെത്തി എന്നാണ് മൊഴിയില്‍ പറയുന്നത്.

എന്നാല്‍ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. ഒരുപാട് വൈരുദ്ധ്യങ്ങള്‍ മൊഴിയിലുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്വര്‍ണം പണയം വെച്ച കാര്യം പോലീസ് ഉറപ്പിച്ചിട്ടുണ്ട്. എത്ര പണം വാങ്ങി എന്ന കാര്യം അറിയേണ്ടതുണ്ട്. ഉമ്മൂമ്മയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതിയുടെ ഫോണിലേക്ക് കൊല്ലപ്പെട്ട പിതാവിന്റെ സഹോദരന്റെ ഫോണ്‍ വന്നിട്ടുണ്ട്.

പോലീസ് അനുമാനിക്കുന്നത്, ഉമ്മൂമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പ് സ്വന്തം വീട്ടില്‍ സ്വന്തം ഉമ്മയ്ക്ക് നേരെ അതിക്രമം കാണിച്ചിരിക്കാം എന്നാണ് കരുതുന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കി തലക്കടിച്ച് ബോധരഹിതയാക്കി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് പ്രതി ആദ്യ കൊലപാതകത്തിനായി പുറപ്പെടുന്നത് എന്ന് പോലീസ് സംശയിക്കുന്നു. ഇതില്‍ സ്ഥിരീകരണം ആവശ്യമാണ്.

കടം വാങ്ങിയ പണത്തിലാണ് ചുറ്റിക വാങ്ങിയത് എന്ന കാര്യത്തില്‍ പ്രതി ഉറച്ചു നില്‍ക്കുന്നുണ്ട്. പിന്നീട് ഉമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം സ്ഥാപനത്തില്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് പ്രതി മൊഴിയില്‍ പറയുന്നത്.

പിതാവിന് കടബാധ്യതയുണ്ട്. ആ ബാധ്യതയുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ സഹായിക്കുന്നില്ലെന്ന പരാതി ഉണ്ട്. അതിന്റെ കൂടെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിന് കുടുംബത്തില്‍ നിന്ന് പ്രത്യേകമായി പണം ആവശ്യപ്പെട്ടിരുന്നു. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. താന്‍ ലഹരിക്കടിമയല്ലെന്നാണ് പ്രതി പറയുന്നത്. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ പറയുന്നതനുസരിച്ച് പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇയാള്‍ ഒറ്റയ്‌ക്കെത്തിയാണ് കൃത്യം ചെയ്തത് എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: