
കോട്ടയം: വീടിന്റെ ചുമരില്‍ സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജപ്തി നോട്ടിസ് മൂലമുള്ള മനോവിഷമത്തെത്തുടര്‍ന്നാണു യുവാവ് ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലാട് മലമേല്‍ക്കാവ് പുത്തന്‍പറമ്പില്‍ കെ.സി.സണ്ണി -പരേതയായ റോസമ്മ ദമ്പതികളുടെ മകന്‍ റെജി ഏബ്രഹാം (38) ആണു മരിച്ചത്. കോട്ടയത്തെ ലോഡ്ജില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു നാലു ദിവസത്തോളം പഴക്കമുണ്ട്.
11 വര്‍ഷം മുന്‍പ് കെ.സി.സണ്ണി കൊല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഒന്നര ലക്ഷം രൂപ ഇളയമകളുടെ വിവാഹത്തിനു വായ്പയെടുത്തിരുന്നു. സണ്ണിക്കിപ്പോള്‍ 69 വയസ്സുണ്ട്. റെജിയാണ് പെയ്ന്റിങ് ജോലിക്കും മറ്റും പോയി കുടുംബം പുലര്‍ത്തിയിരുന്നത്. രണ്ടാഴ്ച മുന്‍പാണു നോട്ടീസ് വന്നത്. ഒന്നാമത്തെ നോട്ടീസില്‍ ഇതുവരെയുള്ള കുടിശികത്തുക 4.35 ലക്ഷം അടയ്ക്കണമെന്നും സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യുമെന്നാണ്. രണ്ടാമത്തെ നോട്ടീസില്‍ എടുത്ത തുകയും തുടര്‍ന്നുള്ള പലിശയുമാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

കോട്ടയം താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസിന്റെ പേരിലുള്ള നോട്ടീസാണ് ചുമരില്‍ പതിപ്പിച്ചിരിക്കുന്നത്. കിടപ്പാടം നഷ്ടപ്പെടുമെന്നായതോടെ റെജി പൊതുപ്രവര്‍ത്തകരെയും ബാങ്കിനെയും സമീപിച്ച് കൂടുതല്‍ സമയം നേടാന്‍ ശ്രമിച്ചെന്നു പറയുന്നു. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ റെജി കടുത്ത മനോവിഷമത്തിലായി. എറണാകുളത്തു പെയ്ന്റിങ് ജോലിക്കെന്നു പറഞ്ഞാണു റെജി വീട്ടില്‍ നിന്നിറങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസമായി ബന്ധുക്കളും സുഹൃത്തുക്കളും ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വീട്ടിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു കുടുംബത്തിനു പിന്തുണ നല്‍കുമെന്ന് ഉറപ്പു നല്‍കി. സംസ്‌കാരം നടത്തി. മരിച്ച റെജി ഏബ്രഹാമുമായി കൊല്ലാട് സര്‍വീസ് സഹകരണ ബാങ്കിനു ബന്ധമൊന്നുമില്ലെന്നും കെ.സി.സണ്ണിയാണ് ബാങ്കിനു പണം അടയ്ക്കാനുള്ളതെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. കൊല്ലാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു ജപ്തി നടപടി നേരിടുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നു ബാങ്കിനു മുന്നില്‍ സമരം നടത്തും.