
മലപ്പുറം: വണ്ടൂര്‍ സംസ്ഥാനപാതയോരത്തെ കടയുടെ മുന്നില്‍ ചങ്ങലയിട്ടു പൂട്ടി വ്യാപാരി. ‘ചുമട്ടുതൊഴിലാളികളുടെ നിരന്തരമായ കൂലി വര്‍ധനയും ജീവനക്കാരെ ഭീഷണിപ്പെടുത്തലും കാരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ പ്രവര്‍ത്തനം നിര്‍ത്തുന്നു’വെന്നാണ് വ്യാപാരി ബോര്‍ഡ് വച്ചത്. തറയില്‍ വിരിക്കുന്ന കരിങ്കല്ല്, കടപ്പ പാളികളും അനുബന്ധ സാധനങ്ങളും വില്‍ക്കുന്ന ‘ഹജര്‍ സ്റ്റോണ്‍’ എന്ന കടയാണ് ഇന്നലെ പൂട്ടിയത്.
”ഇടതു വ്യാപാരി സംഘടനയില്‍ അംഗത്വമുള്ള സ്ഥാപനമാണിത്. മറ്റെങ്ങുമില്ലാത്ത കൂലിയാണു വണ്ടൂരിലെ ചുമട്ടുതൊഴിലാളികള്‍ വാങ്ങുന്നത്. ഇതുമൂലം സ്ഥാപനം നഷ്ടത്തിലാണ്. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനു പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല.” ഉടമ മാവൂര്‍ സ്വദേശി പി.ടി.അസീസ് പറഞ്ഞു.
ചുമട്ടുതൊഴിലാളികള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, ഒരാഴ്ചയായി കടയില്‍ വരുന്ന ലോഡ് ഇറക്കാന്‍ കഴിയാതെ മടക്കുകയാണെന്നും വില്‍പന നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു. കടയില്‍ ലോഡ് ഇറക്കുന്നതും കയറ്റുന്നതും മാത്രമാണു തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ഉപഭോക്താക്കള്‍ ലോഡ് കയറ്റുന്നതു സ്ഥാപനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ജീവനക്കാര്‍ പറയുന്നു. കടയുടമ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനു നല്‍കിയ പരാതിയെത്തുടര്‍ന്നു കൂലി ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതുവരെ കയറ്റിറക്കു നടത്തുന്നതില്‍ വീഴ്ചവരുത്തരുതെന്നു ചുമട്ടുതൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതു പാലിക്കപ്പെട്ടില്ല. കട നിര്‍ത്തുന്നതോടെ ജീവനക്കാരും കല്ല് പതിക്കുന്ന തൊഴിലാളികളും ഉള്‍പ്പെടെ അന്‍പതിലേറെ പേര്‍ക്കു തൊഴില്‍ നഷ്ടമാകുമെന്നും ഇവര്‍ പറയുന്നു.
അതേസമയം, ഈ കട തുടങ്ങിയപ്പോള്‍ വ്യാപാരി സംഘടനയുടെ ഇടപെടല്‍ മൂലം കൂലി കുറച്ചാണു വാങ്ങിയിരുന്നതെന്നും ചുമട്ടുതൊഴിലാളികള്‍ അറിയാതെ സൈറ്റില്‍ ലോഡ് ഇറക്കിയതിനെ തുടര്‍ന്നാണു 2 വര്‍ഷം കൂടുമ്പോള്‍ വരുത്തുന്ന ആനുപാതിക വര്‍ധന ആവശ്യപ്പെട്ടതെന്നും സിഐടിയു ജില്ലാ കമ്മിറ്റി അംഗം ബാപ്പു വണ്ടൂര്‍ പറഞ്ഞു.
ഒരു ടണ്‍ ഗ്രാനൈറ്റ് ഇറക്കുന്നതിനു 420 രൂപയാണ് നിലവിലുള്ള നിരക്ക്. കടയുടമയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു രണ്ടു വര്‍ഷമായി 290 രൂപയാണ് ഇവിടെനിന്നു വാങ്ങുന്നത്. പ്രദേശത്തുള്ള പണിസ്ഥലങ്ങളില്‍ ചുമട്ടുതൊഴിലാളികളെ കൊണ്ടു ലോഡ് ഇറക്കാമെന്ന വ്യവസ്ഥയിലായിരുന്നു കൂലി കുറച്ചത്. അടുത്തദിവസം സൈറ്റില്‍ ലോഡ് ഇറക്കിയതു വഴിക്കടവില്‍ നിന്നുള്ളവരെ കൊണ്ടുവന്നാണെന്നു വിവരം ലഭിച്ചു. തുടര്‍ന്നാണു പ്രദേശത്തു നിലവിലുള്ള കൂലി ഈ കടയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചതെന്നും കടയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും ബാപ്പു വിശദീകരിച്ചു.






