
കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകര്‍ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഒന്നാമതാണു കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നിക്ഷേപകരുടെ സ്വന്തം നാടാക്കുകയും സംസ്ഥാനത്തിന്റെ വികസനം അടുത്തഘട്ടത്തിലേക്കു കടക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
”വ്യവസായത്തിനുള്ള അനുമതികളും ലൈസന്‍സുകളും ചുവപ്പുനാടയില്‍പ്പെടാതെ സംരംഭകര്‍ക്ക് ഉടന്‍ ലഭ്യമാക്കും. മാനവവിഭവശേഷി വികസനത്തില്‍ കേരളം കൈവരിച്ചത് അഭിമാനനേട്ടമാണ്. വ്യവസായങ്ങള്‍ക്കു വലിയ പിന്തുണയാണ് വികസനത്തിന്റെ ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ദേശീയപാത വികസനത്തിന് അതിവേഗം ഭൂമി ഏറ്റെടുക്കാനായത് ഇതുമൂലമാണ്. റോഡ്, റെയില്‍ വികസനം വലിയ പ്രാധാന്യത്തോടെ സംസ്ഥാനം നടപ്പാക്കുന്നു. ദേശീയപാതയ്ക്കു പുറമേ, ഗ്രാമീണ റോഡുകളും സജ്ജമാക്കി വികസനം ഓരോ മുക്കിലും മൂലയിലും എത്തിക്കുകയെന്നതാണു സമീപനം. ഭൂമി കിട്ടിയില്ലെന്ന കാരണത്താല്‍ ഒരു സംരംഭകനും ഇനി കേരളത്തില്‍നിന്നു മടങ്ങേണ്ടി വരില്ല. തടസ്സമില്ലാത്ത വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും എല്ലായിടത്തും ഉറപ്പാക്കും. 87% കേരളീയര്‍ക്കും ഇപ്പോള്‍ ഇന്റര്‍നെറ്റ് ലഭ്യമാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. പവര്‍കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളം.” മുഖ്യമന്ത്രി പറഞ്ഞു.

”നാല് വിമാനത്താവളങ്ങള്‍, മികച്ച റോഡ്-റെയില്‍ കണക്റ്റിവിറ്റി, ഉള്‍നാടന്‍ ജലഗതാഗത സംവിധാനം എന്നിങ്ങനെ കേരളത്തിനു മികവുകള്‍ ഒട്ടേറെയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഗണ്യമായി കൂടുകയാണ് കേരളത്തില്‍. സ്‌കൂള്‍, കോളജ് തലങ്ങളിലും ഇപ്പോള്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളുണ്ട്. കോഴ്‌സുകള്‍ അതിനനുസരിച്ച് പരിഷ്‌കരിച്ചു. ഗവേഷണത്തിനും വികസനത്തിനുമാണ് ഊന്നല്‍. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി സജ്ജമാകുന്നതോടെ സംസ്ഥാനത്തെ ഏയറോസ്‌പേസ് മേഖലയും ശക്തമാകും.” അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത നിക്ഷേപവും ഉത്തരവാദിത്ത വ്യവസായവുമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. രാഷ്ട്രീയ, ആശയഭേദമില്ലാതെ നമുക്ക് അതിനുവേണ്ടി പ്രവര്‍ത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനി, മലേഷ്യ, വിയറ്റ്‌നാം, നോര്‍വേ, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെയും പങ്കാളിത്തം ഉച്ചകോടിയിലുണ്ട്. ഓരോ രാജ്യത്തിന്റെയും പ്രതിനിധികളുടെ അവതരണവും ഇന്നും നാളെയുമായി നടക്കും. വിദേശ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ട്.
കൂലിത്തര്‍ക്കം, സിഐടിയു ഭീഷണി; വണ്ടൂരില്‍ കട പൂട്ടി ബോര്‍ഡ് വച്ച് വ്യാപാരി
വിവിധ വേദികളില്‍ 28 സെഷനുകളിലായി ചര്‍ച്ചകളില്‍ 200ലേറെ പ്രഭാഷകരുണ്ടാകും. ഷാര്‍ജ, അബുദാബി, ദുബായ്, സ്വിസ്, ഖത്തര്‍ ചേംബര്‍ പ്രതിനിധികളും പങ്കെടുക്കും. 10 വകുപ്പുകള്‍ 10 ബി2ബി സാധ്യതകളും അവതരിപ്പിക്കും. എഐ ആന്‍ഡ് റോബട്ടിക്‌സ്, എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്‌സ്, മാരിടൈം ആന്‍ഡ് പാക്കേജിങ്, ഫാര്‍മ-മെഡിക്കല്‍ ഉപകരണങ്ങള്‍- ബയോടെക്, പുനരുപയോഗ ഊര്‍ജം, ആയുര്‍വേദം, ഫുഡ്‌ടെക്, മൂല്യവര്‍ധിത റബര്‍ ഉല്‍പന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, മാലിന്യസംസ്‌കരണം എന്നിവയാണ് ഉച്ചകോടിയില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന മേഖലകള്‍.