KeralaNEWS

രേഖകളുടെ പേരില്‍ നിയമനം വൈകിപ്പിച്ചു, അലീനയുടെ മരണത്തിന് കാരണം സ്‌കൂള്‍ അധികൃതരുടെ വീഴ്ച; താമരശ്ശേരി രൂപതയ്ക്കെതിരെ അധ്യാപികയുടെ പിതാവ്

കോഴിക്കോട്: കട്ടിപ്പാറയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മന്റിനും താമരശ്ശേരി രൂപയ്ക്കും എതിരെ ശക്തമായ ആരോപണവുമായി കുടുംബം. താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് പിതാവ് ബെന്നിയുടെ ആക്ഷേപം. ജോലിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കേണ്ട രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടി രൂപത നിയമനം വൈകിപ്പിച്ചെന്നും, ഇതുണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടാണ് മകളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്നുമാണ് പിതാവിന്റെ ആക്ഷേപം.

അലീനയുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതില്‍ സ്‌കൂള്‍ മാനേജ്മെന്റ് പരാജയപ്പെട്ടതാണ് അലീന നേരിട്ട പ്രശ്നങ്ങള്‍ക്ക് കാരണം. സ്ഥിരമായി ഒരു ജോലി ലഭിക്കാന്‍ അലീന വളരെയധികം കഷ്ടപ്പെട്ടിരുന്നു. രൂപതയുടെ മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറയിലുള്ള ഹോളി ഫാമിലി എല്‍പി സ്‌കൂളിലാണ് അലീന ആദ്യം ജോലി ചെയ്തത്. താത്കാലിക ഒഴിവിലായിരുന്നു നിയമനം.

Signature-ad

സ്ഥിരാധ്യാപിക തിരിച്ചെത്തിയതോടെ ജോലി നഷ്ടമായി. അഞ്ച് വര്‍ഷമായിരുന്നു അലീന ഹോളി ഫാമിലി എല്‍പി സ്‌കൂളില്‍ ജോലി നോക്കിയത്. പിന്നീടാണ് പള്ളി കമ്മിറ്റി ഇടപെട്ട് കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ ജോലിക്ക് അവസരം ഒരുക്കിയത്. നിയമനം നേടി പൊതുവിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ല. എന്നാല്‍ ജോലി ആനുകൂല്യങ്ങള്‍ക്ക് യോഗ്യയല്ലെന്നു രൂപത നിലപാടെടുത്തെന്നും ബെന്നി ആരോപിക്കുന്നു.

ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന നിലപാടാണ് താമരശ്ശേരി രൂപതയുടെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും ബെന്നി ആരോപിക്കുന്നു. ചില അധ്യാപകര്‍ ഒമ്പത് വര്‍ഷത്തോളം ഇത്തരത്തില്‍ ജോലി നോക്കിയിരുന്നു എന്ന് പറഞ്ഞതായും ബെന്നി പറയുന്നു. ജോലി ചെയ്ത സയത്ത് കോടഞ്ചേരി സ്‌കൂളിലെ അധ്യാപകരും മറ്റും സ്വരൂപിച്ച തുകയാണ് ഇവര്‍ക്ക് വേതനമായി ലഭിച്ചിരുന്നത്. ജോലിക്കായി പതിമൂന്ന് ലക്ഷം രൂപ ഇവര്‍ രൂപതയ്ക്ക് നല്‍കിയെന്നും ആറ് വര്‍ഷമായിട്ടും സ്ഥിരം നിയമനം ആയിട്ടില്ലെന്നും കുടുംബം പറയുന്നു.

അതേസമയം, ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങള്‍ അനാവശ്യമാണെന്നാണ് താമരശ്ശേരി രൂപതയുടെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഫാ. ജോസഫ് വര്‍ഗീസിന്റെ പ്രതികരണം. സ്ഥിര നിയമനത്തിന് വേണ്ടി അലീന സമര്‍പ്പിച്ച അപേക്ഷ ചില സാങ്കേതിക കാരണങ്ങളാലാണ് വൈകിയത്. മറ്റ് തരത്തിലുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താത്പര്യങ്ങളാണ് എന്നും ഫാ. ജോസഫ് വര്‍ഗീസ് പ്രതികരിച്ചു. 2021 ലാണ് സ്ഥിര നിയമനം ആവശ്യപ്പെട്ട് അലീന ബെന്നി എഇഒയ്ക്ക് കത്ത് നല്‍കുന്നത്. എന്നാല്‍, ഭിന്നശേഷി സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനം നീണ്ടു പോവുകയായിരുന്നു എന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു.

ഫെബ്രുവരി 19 നാണ് അലീന ബെന്നിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന പ്രധാന അധ്യാപകന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പുറത്തുപോയ ബെന്നി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അലീന ജീവനൊടുക്കിയ വിവരം അറിഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: