വീട്ടില്‍ ഈ ചെടികള്‍ തനിയെ വളരുന്നുണ്ടോ, ധനസ്ഥിതിയും ദൈവാനുഗ്രഹവും ഒറ്റനോട്ടത്തില്‍ അറിയാം

ഐശ്വര്യപൂര്‍ണമായ, ധനതടസമില്ലാത്ത ജീവിതത്തിനും സന്തോഷത്തിനും വേണ്ടി മനുഷ്യര്‍ എത്ര കഷ്ടപ്പെടാനും തയ്യാറാകും. എന്നാലും പലപ്പോഴും ചെറിയ നിര്‍ഭാഗ്യങ്ങളാല്‍ അത് സാധിക്കാതെ വരും. ഹൈന്ദവ വിശ്വാസപ്രകാരം ആചാര്യന്മാര്‍ ഐശ്വര്യം ലഭിക്കാന്‍ പലകാര്യങ്ങളും നിഷ്‌കര്‍ഷിക്കാറുണ്ട്. വാസ്തുശാസ്ത്രപ്രകാരവും അത്തരത്തില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ ഭാഗ്യം വരും എന്ന് വിശ്വസിക്കപ്പെടുന്നു.
വീടിന്ചുറ്റും ചില ചെടികള്‍ വളരുന്നത് ശ്രദ്ധിക്കാതെ വെട്ടിക്കളഞ്ഞാല്‍ ചിലപ്പോള്‍ നിര്‍ഭാഗ്യവും ദോഷവുമുണ്ടാകുമെന്ന് പണ്ഡിതര്‍ പറയുന്നു. വിശ്വാസമനുസരിച്ച് അമംഗള നാശകനും വിഘ്‌നേശ്വരനുമാണ് ഗണപതി. വീട്ടുവളപ്പില്‍ മുക്കുറ്റിച്ചെടി നന്നായി വളരുന്നുണ്ടെങ്കില്‍ അത് ഐശ്വര്യമാണ്. കാരണം മുക്കുറ്റിയില്‍ ഗണപതി ദേവന്റെ അനുഗ്രഹം വേണ്ടത്ര അടങ്ങിയിരിക്കുന്നതായാണ് വിശ്വാസം.

മറ്റൊരു ചെടിയാണ് തുളസി. ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രാരാധനയില്‍ വലിയ സ്ഥാനമാണ് തുളസിച്ചെടിക്കുള്ളത്. തുളസിക്കതിര്‍ ചൂടുന്നതും ഈശ്വരന് തുളസിമാല സമര്‍പ്പിക്കുന്നതുമെല്ലാം അത്തരം വിശ്വാസത്താലാണ്. നമ്മുടെ നാട്ടിലെ തനത് ചികിത്സാ രീതിയിലും തുളസിയ്ക്ക് സ്ഥാനമുണ്ട്. അണുബാധ അകറ്റാനും ജന്തുക്കള്‍ കടിച്ചതുമൂലമുള്ള പ്രശ്‌നം തടയാനും തുളസിയിലയോ നീരോ മഞ്ഞളിനൊപ്പം നാട്ടിന്‍പുറങ്ങളില്‍ പുരട്ടാറുണ്ട്. തുളസി വീട്ടില്‍ തനിയെ മുളച്ചാല്‍ അത് വീട്ടിലുള്ളവര്‍ക്ക് ഐശ്വര്യം പ്രദാനം ചെയ്യും.
ചില ചെടികള്‍ നമ്മള്‍ വളര്‍ത്തിയാലും ഐശ്വര്യം ഉണ്ടാകുമെന്ന് പണ്ഡിതാഭിപ്രായമുണ്ട്. കൂവളം, പുളി, മാവ് എന്നിവ നടുന്നത് വീട്ടില്‍ നല്ലതാണ്. കൂവളം വീട്ടിലെ രോഗപീഢ അവസാനിപ്പിക്കും. വീടിന് തെക്കുവശത്ത് മാവോ, പുളിയോ വളര്‍ത്തിയാല്‍ ഈ മരങ്ങള്‍ നെഗറ്റീവ് എനര്‍ജിയെ പിടിച്ചെടുക്കുമെന്നും സമാധാനമുണ്ടാകുമെന്നും ഒരു വിശ്വാസമുണ്ട്.