നിങ്ങളെന്നെ ബിജെപിക്കാരനാക്കി; ചെങ്കോട്ട വിട്ട് രാജേന്ദ്രന് ഇനി കാവിക്കോട്ടയില്‍; മത്സരിക്കാനില്ലെന്നും ആരെയും കൂടെക്കൊണ്ടുവന്നിട്ടില്ലെന്നും രാജേന്ദ്രന്

പതിനഞ്ചുകൊല്ലം സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന എസ്.രാജേന്ദ്രന് എങ്ങിനെ ബിജെപിയില്‍ ചേര്‍ന്നുവെന്ന് ചോദിച്ചാല്‍ അതിന് രാജേന്ദ്രന് സിപിഎമ്മിനെ ചൂണ്ടിക്കാട്ടി ഉത്തരം പറയും നിങ്ങളെന്നെ ബിജെപിക്കാരനാക്കി എന്ന്.
ചെങ്കോട്ട വിട്ട് രാജേന്ദ്രന് കാവിക്കോട്ടയിലേക്ക് ചെന്നുകയറിക്കഴിഞ്ഞു.
ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രന് തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട സിപിഎം രാഷ്ട്രീയ ജീവിതത്തിനാണ് രാജേന്ദ്രന് തിരശീല താഴ്ത്തിയത്.
തനിക്കൊപ്പം ആരേയും ബിജെപിയിലേക്ക് ക്ഷണിച്ചില്ലെന്നും ബിജെപി പ്രവേശനത്തിന് ഉപാധികളില്ലെന്നും രാജേന്ദ്രന് പ്രതികരിച്ചു. മല്‍സരിക്കാനില്ലെന്നും രാജേന്ദ്രന് വ്യക്തമാക്കി.
2006 മുതല്‍ 2021 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഎം എംഎല്‍എയായിരുന്നു രാജേന്ദ്രന്. എന്നാല്‍ സിപിഎമ്മുമായി തെറ്റിയതിന് ശേഷം രാജേന്ദ്രനെ കൂടെക്കൂട്ടാന്‍ ബിജെപിയുടെ കേരള തമിഴ്നാട് ഘടകങ്ങള്‍ രണ്ടു വര്‍ഷമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി എസ്.രാജേന്ദ്രന് വോട്ടുതേടിയിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്പിക്കാന് ശ്രമിച്ചെന്നാരോപിച്ചാണ് 15 വര്‍ഷം സിപിഎം എംഎല്‍എയായിരുന്ന എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ സിപിഎം ജില്ലാ നേതൃത്വം തന്നെ പുറത്താക്കാന്‍ പദ്ധതി ഒരുക്കിയെന്ന് രാജേന്ദ്രന് രൂക്ഷവിമര്‍ശനം നടത്തി. സസ്പെന്ഷന് കാലാവധി അവസാനിച്ചിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിക്കാതിരുന്നതോടെ വിവാദം ആരംഭിച്ചു.
രാജേന്ദ്രനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നേരിട്ടിറങ്ങിയിട്ടും കഴിഞ്ഞിരുന്നില്ല. അപ്പോഴെല്ലാം സിപിഎമ്മിലേക്ക് ഇല്ലെന്നായിരുന്നു രാജേന്ദ്രന്റെ തീരുമാനം. രാജേന്ദ്രനെ പാളയത്തിലെത്തിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തടയിടാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ എല്ലാ ശ്രമങ്ങളും വിഫലമാക്കിയാണ് രാജേന്ദ്രന് ബിജെപിയില്‍ എത്തുന്നത്.






