Breaking NewsIndiaLead NewsNEWSSportsTRENDING

ഇന്ത്യയുടെ വിജയത്തുടര്‍ച്ചയ്ക്ക് ബ്രേക്ക്; 41 റണ്‍സിനു തോല്‍പിച്ച് പരമ്പര; കോലിയുടെ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; ആറുവര്‍ഷത്തെ ചരിത്രത്തിനും അന്ത്യം

ഇന്‍ഡോര്‍: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 41 റൺസ് തോൽവി വഴങ്ങി ഇന്ത്യ. കിവീസ് ഉയർത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറിൽ 296 റൺസെടുത്തു പുറത്താകുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇതോടെ പരമ്പര 2–1ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. ന്യൂസീലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടർച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര തിരിച്ചുപിടിച്ചത്.

ആറു വർഷമായി സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര പോലും തോൽക്കാത്ത ഇന്ത്യയുടെ വിജയത്തുടർച്ചയ്ക്കും ഇതോടെ അവസാനമായി. മറുപടി ബാറ്റിങ്ങിൽ 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. 91 പന്തുകളിൽനിന്നായിരുന്നു കോലിയുടെ സെഞ്ചറി നേട്ടം. മൂന്ന് സിക്സുകളും പത്ത് ഫോറുകളും താരം ബൗണ്ടറി കടത്തി. മുൻനിര താരങ്ങളായ രോഹിത് ശർമ (11), ശ്രേയസ് അയ്യര്‍ (മൂന്ന്), കെ.എൽ. രാഹുൽ (ഒന്ന്) എന്നിവർക്കു തിളങ്ങാനാകാതെ പോയതാണ് മത്സരത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായത്.

Signature-ad

നിതീഷ് കുമാർ റെഡ്ഡിയും (57 പന്തിൽ 53), ഹർഷിത് റാണയും (43 പന്തിൽ 52) അർധ സെഞ്ചറി നേടി പുറത്തായി. വാലറ്റം പൊരുതാതെ കീഴടങ്ങിയതോടെ ഏഴിന് 277 എന്ന നിലയിൽനിന്ന് 296 റൺസെടുക്കുമ്പോഴേക്കും ഇന്ത്യ ഓൾഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് അടിച്ചെടുത്തത്. മധ്യനിര താരങ്ങളായ ഡാരില്‍ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ചറിക്കരുത്തിലാണ് കിവീസ് വമ്പൻ സ്കോറിലെത്തിയത്. 131 പന്തുകൾ നേരിട്ട ഡാരിൽ മിച്ചൽ മൂന്നു സിക്സുകളും 15 ഫോറുകളും സഹിതം 137 റൺസെടുത്തു. 88 പന്തുകളില്‍ 106 റൺസാണ് ഗ്ലെൻ ഫിലിപ്സ് അടിച്ചെടുത്തത്.

58 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ കിവീസിനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത് ഡാരിൽ മിച്ചൽ– ഫിലിപ്സ് സഖ്യമാണ്. ഇരുവരും ചേർന്ന് 219 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സ്കോർ അഞ്ചിൽ നിൽക്കെ ഹെൻറി നിക്കോൾസിനെ അർഷ്ദീപ് സിങ്ങും തൊട്ടുപിന്നാലെ ഡെവോൺ കോൺവെയെ ഹർഷിത് റാണയും പുറത്താക്കിയത് ഇന്ത്യയ്ക്കു പ്രതീക്ഷയായിരുന്നു. പിന്നീടായിരുന്നു കിവീസ് ബാറ്റര്‍മാരുടെ രക്ഷാപ്രവർത്തനം.

സ്കോർ 277 ൽ എത്തിയപ്പോൾ, ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കി അർഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വിൽ യങ് (41 പന്തിൽ 30), മിച്ചൽ ബ്രേസ്‍വെൽ (18 പന്തിൽ 28) എന്നിവരാണ് ന്യൂസീലൻഡിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജിനും കുൽദീപ് യാദവിനും ഓരോ വിക്കറ്റുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: