
ചണ്ഡീഗഡ്: അമേരിക്കയില്‍ അനധികൃതമായി കുടിയേറിയതിനാല്‍ തിരിച്ചയച്ച ഇന്ത്യക്കാരില്‍ രണ്ട് കൊലക്കേസ് പ്രതികളും. ഇന്നലെ 119 ഇന്ത്യക്കാരുമായി അമൃത്സറില്‍ ഇറങ്ങിയ യുഎസ് സൈനിക വിമാനത്തിലാണ് പോലീസ് അന്വേഷിക്കുന്ന രണ്ട് പ്രതികള്‍ ഇന്ത്യയില്‍ എത്തിയത്. ശനിയാഴ്ച അമൃത്സറിലെ ശ്രീ ഗുരു രാംദാസ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇരുവരെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.
2023 ല്‍ പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുര പട്ടണത്തില്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതികളാണ് ബന്ധുക്കളായ സന്ദീപ്, പ്രദീപ് എന്നിവര്‍. പ്രതികള്‍ ഇരുവരും രാജ്പുര പട്ടണത്തില്‍ നിന്നുള്ളവരാണ്. 2023 ജൂണ്‍ 26 ന് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 307, 323, 506, 148, 149 എന്നീ വകുപ്പുകള്‍ പ്രകാരം രണ്ട് പ്രതികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നില്ല.

ഇന്നലെ രാത്രിയോടെയാണ് രണ്ടാം ബാച്ച് ഇന്ത്യക്കാര്‍ പഞ്ചാബിലെ അമൃതസറില്‍ വിമാനം ഇറങ്ങിയത്. മടങ്ങിയെത്തിയ 119 പേരില്‍ 67 പേര്‍ പഞ്ചാബ് സ്വദേശികളും 33 പേര്‍ ഹരിയാന സ്വദേശികളുമാണ്. ബാക്കിയുള്ളവരില്‍ എട്ട് പേര്‍ ഗുജറാത്തില്‍ നിന്നും, മൂന്ന് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഉള്ളവരുമാണ്. ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ വീതവും ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും മടങ്ങിയെത്തിയ വിമാനത്തില്‍ ഉണ്ടായിരുന്നു.