
കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളജില്‍ നടന്ന റാഗിങ് അറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ വാദം തള്ളി ആഭ്യന്തര അന്വേഷണ സമിതി. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ സുരേഖ എ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റാഗിങ് തടയുന്നതില്‍ വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൗസ് കീപ്പിങ് കം സെക്യൂരിറ്റിയെ നീക്കാനും തീരുമാനമുണ്ട്.

റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടാണ് ആഭ്യന്തര അന്വേഷണ സമിതി തള്ളിയത്. കുട്ടികള്‍ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലും കേട്ടില്ലെന്ന മൊഴിയും അന്വേഷണസമയത്ത് പൊലീസിന് ലഭിച്ചിരുന്നു.
അതോടെപ്പം, ഹോസ്റ്റലില്‍ ശാരീരിക പീഡനത്തിനായി ഉപയോഗിച്ച കോമ്പസും ഡമ്പലും ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികളില്ലെന്നും കണ്ടെത്തി. അതേസമയം, കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.