
ലഖ്‌നൗ: മുന്‍ ബോളിവുഡ് താരവും സന്ന്യാസിനിയുമായ മമ്താ കുല്‍ക്കര്‍ണി, കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍പദവിയിലേക്ക് തിരിച്ചെത്തി. തന്റെ രാജി അംഗീകരിക്കാന്‍ ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠി തയ്യാറായില്ലെന്നും ഗുരുവിന്റെ തീരുമാനത്തില്‍ നന്ദിയുണ്ടെന്നും മമ്ത പറഞ്ഞു. വീഡിയോപ്രസ്താവനയിലൂടെയാണ് ഇക്കാര്യമറിയിച്ചത്. പദവിയൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് മമ്തയുടെ തിരിച്ചുവരവ്.
കഴിഞ്ഞമാസം 24-നാണ് മമ്തയെ ഈ സ്ഥാനത്ത് നിയമിച്ചത്. സന്ന്യാസം സ്വീകരിച്ചതുമുതല്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. നടിയുടെ പൂര്‍വകാലജീവിതവും ഇപ്പോള്‍ സന്ന്യാസം സ്വീകരിക്കാനുള്ള യോഗ്യതയുമെല്ലാം വ്യാപകചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പദവി ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി താരം രംഗത്തെത്തിയത്.

അതിനിടെ, കുംഭമേളയുടെ ഭക്ഷണവിതരണസ്ഥലത്തുവെച്ച് കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വറിനെയും മൂന്ന് ശിഷ്യന്മാരെയും അജ്ഞാതസംഘം ആക്രമിച്ചു. വ്യാഴാഴ്ച ഇവര്‍ സഞ്ചരിച്ച കാറിനുനേരേ ആറുപേര്‍ ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.