
ഗാസ: ഇസ്രയേല്‍ തടവുകാരെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്വവര്‍ഗാനുരാഗികളായ സ്വന്തം അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ഇവരെ ക്രൂരമായി ഉപദ്രവിച്ചതിനുശേഷം വധിച്ചതായാണ് ഹമാസിന്റെ രഹസ്യ രേഖകള്‍ പുറത്തുവന്നതില്‍ വ്യക്തമാക്കുന്നത്.
2023 ഒക്ടോബറിലെ ആക്രമണത്തിനിടെ തടവിലാക്കിയ നിരവധി ഇസ്രയേലി പുരുഷന്മാരെ അനേകം ഹമാസ് അംഗങ്ങള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ ‘ധാര്‍മ്മികത’ പാലിക്കാതെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട നിരവധി അംഗങ്ങളുടെ പട്ടിക ഹമാസിന്റെ പക്കലുണ്ടായിരുന്നതായും അതിന് കനത്ത വിലയാണ് അവര്‍ക്ക് നല്‍കേണ്ടി വന്നതെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

സ്വവര്‍ഗാനുരാഗം ഗാസയില്‍ നിയമവിരുദ്ധമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവുശിക്ഷയോ വധശിക്ഷയോ ആണ് ലഭിക്കുന്നത്. ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 94 അംഗങ്ങളുടെ പട്ടികയാണ് ഹമാസിന്റെ പക്കലുണ്ടായിരുന്നത്. സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു, നിയമപരമായ ബന്ധമില്ലാതെ പെണ്‍കുട്ടികളുമായി സല്ലപിച്ചു, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, ദൈവത്തെ ശപിച്ചു, ഫേസ്ബുക്കിലൂടെ പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ടു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സ്വന്തം അംഗങ്ങളെ വധിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടില്ല.
2016ല്‍ സ്വവര്‍ഗാനുരാഗിയെന്ന് ചൂണ്ടിക്കാട്ടി ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് ഇഷ്ട്വിയെ വധിച്ചിരുന്നു. ഒരുവര്‍ഷത്തോളം തടവിലാക്കി ക്രൂരമായി പീഡിപ്പിച്ചതിനുശേഷമാണ് ഹമാസ് ഇഷ്ട്വിയെ വെടിവച്ച് കൊലപ്പെടുത്തിയത്.