
വിശാഖപട്ടണം: ഹിന്ദു ആചാരങ്ങള്‍ പാലിക്കാതെ അന്യമത ആചാരങ്ങള്‍ പിന്തുര്‍ന്ന 18 ജീവനക്കാരെ തിരുപ്പതി തിരുമല ദേവസ്വം(ടിടിഡി) സ്ഥലം മാറ്റി. ഫെബ്രുവരി 1ന് പുറത്തിറക്കിയ ടിടിഡി എക്സിക്യുട്ടിവ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ആറ് ജീവനക്കാര്‍ ടിടിഡിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകരാണ്. ശേഷിക്കുന്നവരില്‍ ഒരാള്‍ ഡെപ്യൂട്ടി എക്സിക്യുട്ടിവ് ഓഫീസറും, ഒരു അസിസ്റ്റന്റ് എക്സിക്യുട്ടിവ് ഓഫീസര്‍, ഒരു അസിസ്റ്റന്റ് ടെക്നിക്കല്‍ ഓഫീസര്‍(ഇലക്ട്രിക്കല്‍), ഒരു ഹോസ്റ്റല്‍ ജീവനക്കാരന്‍, രണ്ട് ഇലക്ട്രീഷ്യന്‍മാര്‍, രണ്ട് നഴ്സുമാര്‍ എന്നിവരും ഉള്‍പ്പെടുന്നു.
”ഹിന്ദു ആചാരങ്ങള്‍ പാലിക്കാതെ മറ്റ് മതങ്ങളുടെ ആചാരങ്ങള്‍ പിന്തുടരുന്ന ജീവനക്കാരില്‍ ഒന്നുകില്‍ ക്രിസ്ത്യാനികളോ അല്ലെങ്കില്‍ മുസ്ലീങ്ങളോ ആണെന്ന്” ആന്ധ്രാപ്രദേശ് എന്‍ഡോവ്മെന്റ് മന്ത്രി അന്നം രാമനാരായണ റെഡ്ഡിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ”അവരുടെ മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും ടിടിഡിയുടെ ഹിന്ദു ആചാരങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടാണ് സ്ഥലമാറ്റം നല്‍കിയത്. അവരെയെല്ലാം മറ്റിടങ്ങളില്‍ സമാനമായ സ്ഥാനങ്ങളിലേക്ക് നിയമിക്കും,” മന്ത്രി പറഞ്ഞു.

നവംബറില്‍ നടന്ന ഒരു യോഗത്തില്‍ അഹിന്ദുക്കളെ സ്ഥലം മാറ്റാനും രാഷ്ട്രീയ പ്രസംഗങ്ങള്‍ നിരോധിക്കാനും ബോര്‍ഡ് തീരുമാനിച്ചിരുന്നു. ടിടിഡിയുടെ നിലവിലെ ചെയര്‍മാന്‍ ബി ആര്‍ നായിഡു നവംബറില്‍ സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായി നടത്തിയ യോഗത്തിലായിരുന്നു തീരുമാനം.
തിരുപ്പതിയിലെ എസ് വി ആയുര്‍വേദ കോളേജിലെ പ്രൊഫസര്‍ ഡോ. കെവി വിജയ ഭാസ്‌കര്‍ റെഡ്ഡി, തിരുപ്പതിയിലെ എസ്പിഡബ്ല്യു ഡിഗ്രി ആന്‍ഡ് പിജി കോളേജിലെ ലക്ചറര്‍ കെ സുജാത, പ്രിന്‍സിപ്പല്‍ ജി അസുന്ത, എസ്ജിഎസ് ആര്‍ട്സ് കോളേജിലെ ലെക്ചറര്‍ കെ പ്രതാപ്, എസ് വി ആര്‍ട്സ് കോളേജിലെ ലെക്ചററായ കെ മനേക്ഷാ ദയാന്‍, തിരുപ്പതിയിലെ എസ് വി ആയുര്‍വേദ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. രേണു ദീക്ഷിത് എന്നിവരും സ്ഥലം മാറ്റിയവരില്‍ ഉള്‍പ്പെടുന്നു. ടിടിഡിയുടെ ക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി എക്സിക്യുട്ടിവ് ഓഫീസര്‍ എ അനന്ത രാജു, ലേല വിഭാഗം അസിസ്റ്റന്റ് എ രാജശേഖര്‍ ബാബു എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
എസ് വി ആര്‍ട്സ് കോളേജിലെ കരാര്‍ ജീവനക്കാരനായ എന്‍ സി ഭീമണ്ണ, ശ്രീ വെങ്കിടേശ്വര എംപ്ലോയീസ് ട്രെയിനിംഗ് അക്കാദമി (AVETA) ഡയറക്ടറുടെ ഓഫീസിലെ വി ബി കോമള ദേവി, ടിടിഡിയിലെ വൈദ്യുതി വകുപ്പിലെ ഇലക്ട്രീഷ്യന്‍ എം ശേഖര്‍ എന്നിവരാണ് സ്ഥലംമാറ്റപ്പെട്ട മറ്റുള്ളവര്‍. ബിഐആര്‍ആര്‍ഡി ആശുപത്രിയിലെ ഹെഡ് നഴ്‌സ് ടി കല്യാണി, സ്റ്റാഫ് നഴ്‌സുമാരായ എ സൗഭാഗ്യം, എസ് റോസി, എസ് വി പുവര്‍ ഹോമിലെ മെഡിക്കോ നഴ്‌സിംഗ് ഓഫീസര്‍ ടി നാരായണ സ്വാമി, അസിസ്റ്റന്റ് ടെക്നിക്കല്‍ ഓഫീസര്‍ (ഇലക്ട്രിക്കല്‍) ജി അസര്‍വാദം, തിരുപ്പതി സെന്‍ട്രല്‍ ഹോസ്പിറ്റലിലെ റേഡിയോഗ്രാഫര്‍ ജി ഗോപി എന്നിവരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.
ടിടിഡി എക്സിക്യുട്ടിവ് ഓഫീസര്‍ ജെ ശ്യാമള റാവുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ”ഭഗവാന്‍ വെങ്കിടേശ്വരന്റെയും ബഹുമാന്യനായ ടിടിഡിയുടെയും സമര്‍പ്പിത സേവകര്‍ എന്ന നിലയില്‍, എല്ലാ ടിടിഡി ജീവനക്കാരും നൂറ്റാണ്ടുകളായി പിന്തുടരുന്ന പാരമ്പര്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ക്ഷേത്രത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരാണ്. അവര്‍ ഭക്തരുടെ വിശ്വാസങ്ങളും വികാരങ്ങളും ഉയര്‍ത്തിപ്പിടിക്കണം,” ഉത്തരവില്‍ പറയുന്നു. സ്ഥലമാറ്റിയ 18 ജീവനക്കാരും ഹിന്ദു ആചാരങ്ങള്‍ പാലിക്കാതെ ഇതര മതങ്ങളുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്യുന്നവരാണെന്ന് തിരിച്ചറിഞ്ഞതായും ഉത്തരവില്‍ പറയുന്നു. ഈ 18 ജീവനക്കാരും ഹിന്ദു ധര്‍മ്മവും ഹിന്ദു പാരമ്പര്യങ്ങളും മാത്രമെ പിന്തുടരൂ എന്ന് വെങ്കിടേശ്വര ഭഗവാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തവരാണ്. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷവും ഇവര്‍ ഹിന്ദു ഇതര മത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ഇത് കൂടതെ ടിടിഡി നടത്തുന്ന ഹിന്ദുമത മേളകളിലും ഉത്സവങ്ങളിലും ചടങ്ങുകളിലും പങ്കെടുത്തു. ഇത് കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ പവിത്രതയെയും വികാരങ്ങളെയും വിശ്വാസങ്ങളെയും ബാധിക്കുന്നതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
സ്ഥലം മാറ്റിയ 18 പേരെയും തിരുമലയിലെയും ഏതെങ്കിലും ക്ഷേത്രങ്ങളിലെയും മതപരമായ പരിപാടികളുമായി ബന്ധപ്പെട്ട ഏതെങ്കിലും ജോലികളിലും നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ടിടിഡി ചീഫ് എഞ്ചിനീയര്‍, ഡെപ്യൂട്ടി എക്സിക്യുട്ടിവ് ഓഫീസര്‍(എച്ച്ആര്‍) എന്നിവരോട് ഉത്തരവ് നിര്‍ദേശിച്ചിട്ടുണ്ട്.