
മലപ്പുറം: ”വിഷ്ണുജയ്ക്കു ജോലി ഇല്ലെന്നും തന്റെ സങ്കല്‍പത്തിന് അനുസരിച്ചുള്ള സൗന്ദര്യം ഇല്ലെന്നും പറഞ്ഞായിരുന്നു പ്രബിന്‍ നിരന്തരം പീഡിപ്പിച്ചിരുന്നത്. ബൈക്കില്‍ വിഷ്ണുജ വരുന്നതിനോട് പ്രബിന് താല്‍പര്യമില്ലായിരുന്നു. നാട്ടുകാര്‍ കണ്ടാല്‍ നാണക്കേടാണെന്നാണ് പറഞ്ഞിരുന്നത്. എപ്പോഴും തിരക്കിലും ടൂറിലും ആയിരുന്നു. എവിടെയും വിഷ്ണുജയെ കൂട്ടിയിരുന്നില്ല” – എളങ്കൂരില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ സഹോദരീഭര്‍ത്താവ് ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, വിഷ്ണുജയുടെ ഭര്‍ത്താവ് പ്രബിനെ കസ്റ്റഡിയിലെടുത്തു. ഭര്‍തൃവീട്ടിലെ പീഡനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്.
”ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വീട്ടുകാരോടും ചേച്ചിമാരോടും പറഞ്ഞിരുന്നെങ്കിലും ഇത്ര മാത്രം വലുതാണെന്ന് അറിഞ്ഞില്ല. മരണം അറിഞ്ഞ് വീട്ടിലെത്തിയ ചില സുഹൃത്തുക്കളാണ് കടുത്ത മാനസിക പീഡനമാണ് വിഷ്ണുജ അനുഭവിച്ചിരുന്നത് എന്ന് വീട്ടുകാരോട് പറയുന്നത്. പ്രബിന്‍ പീഡിപ്പിക്കുന്ന കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെങ്കിലും ഒരു കാരണവശാലും എല്ലാ കാര്യങ്ങളും വീട്ടുകാര്‍ അറിയരുതെന്നും അവര്‍ വിഷമിക്കും എന്നും വിഷ്ണുജ വിലക്കിയിരുന്നു. പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനാകും എന്നും കടുംകൈ ഒന്നും ചെയ്യില്ലെന്നുമാണ് കൂട്ടുകാരോട് പറഞ്ഞിരുന്നത്.

വീട്ടുകാര്‍ ഇടപെട്ടാല്‍ പ്രബിനുമായുള്ള ബന്ധം ഒഴിവാക്കി വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്നായിരുന്നു അവളുടെ പേടി. തനിക്ക് ജോലി കിട്ടിയാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന് കരുതിയാണ് ഇത്രകാലവും അവിടെ പിടിച്ചുനിന്നത്. കോഴ്‌സ് തീര്‍ന്നു പരീക്ഷ കഴിഞ്ഞാല്‍ സ്വകാര്യ സ്ഥാപനത്തിലെങ്കിലും ജോലി കിട്ടുമെന്നും അതോടെ പ്രബിന് തന്നോടുള്ള പ്രശ്‌നങ്ങള്‍ മാറും എന്നുമായിരുന്നു വിഷ്ണുജയുടെ പ്രതീക്ഷ. മൂന്ന് പെണ്‍കുട്ടികളാണ് വിഷ്ണുജയുടെ മാതാപിതാക്കള്‍ക്ക്. താന്‍ വീട്ടില്‍ വന്നുനിന്നാല്‍ പ്രായമായ അച്ഛനും അമ്മയ്ക്കും ബാധ്യതയാകുമെന്ന് ഭയന്നിട്ടാകാം ആരോടും പറയാതിരുന്നത്. ഒരു തവണ ഫോണ്‍ വിളിക്കുമ്പോള്‍ പ്രബിന്‍ വഴക്കു പറയുന്നതു കേട്ട് എന്താണ് പ്രശ്‌നമെന്ന് അച്ഛന്‍ ചോദിച്ചിരുന്നു. ചെറിയ പ്രശ്‌നമാണ്, സ്വയം തീര്‍ത്തോളാം എന്നായിരുന്നു അവള്‍ പറഞ്ഞത്.
പരിചയമില്ലാത്ത നമ്പറില്‍നിന്ന് അരീക്കോടുള്ള വിഷ്ണുജയുടെ ചേച്ചിയുടെ ഫോണിലേക്ക് വിളിച്ചാണ് മരണവിവരം അറിയിക്കുന്നത്. അടുത്തു താമസിക്കുന്നത് ഞാനായതിനാല്‍ ചേച്ചി എന്നെ വിളിച്ച് വിഷ്ണുജയുടെ വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടെന്നും ഉടന അങ്ങോട്ടേക്ക് പോകണമെന്നും പറഞ്ഞു. പ്രബിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ കുറച്ചുപേരുണ്ടായിരുന്നു. അതില്‍ ഒരാളാണ് മുറിയിലേക്ക് കൊണ്ടുപോയി വിഷ്ണുജയെ മരിച്ചനിലയില്‍ കാണിച്ചുതന്നത്. ഞാന്‍ അവിടെയെത്തി 10-15 മിനിറ്റ് കഴിയുമ്പോഴേക്കും പൊലീസെത്തി. രാവിലെ 11 മണിയോടെ പ്രബിന്‍ സിനിമയ്‌ക്കെന്ന് പറഞ്ഞ് പോയതിനുശേഷമാണ് സംഭവം.
പ്രബിന്റെ അമ്മയും വിഷ്ണുജയും മാത്രമായിരുന്നു പിന്നീട് വീട്ടില്‍. അമ്മ താഴത്തെ മുറിയിലായിരുന്നു. വൈകിട്ട് 5 മണിയോടെ വിഷ്ണുജ മുറി തുറക്കുന്നില്ലെന്ന് പറഞ്ഞതു പ്രകാരം സമീപവാസിയെത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടതെന്നാണ് അവര്‍ പറയുന്നത്. വൈകിട്ട് 5 മണിയായിട്ടും ഭക്ഷണം കഴിക്കാന്‍ പോലും വരാതിരുന്ന കുട്ടിയെ ആരും അന്വേഷിച്ചില്ല. പ്രബിന്റെ പീഡനത്തെക്കുറിച്ച് അയാളുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വിഷ്ണുജയുടെ കൂട്ടുകാര്‍ വീട്ടില്‍വന്ന സമയം മുഖത്ത് പ്രബിന്‍ തല്ലിയ പാട് കണ്ട് അവര്‍ അന്വേഷിച്ചിരുന്നു. ഇത് വീട്ടിലുള്ള അമ്മയും കണ്ടിട്ടുണ്ടാവുമല്ലോ. ഇതൊന്നും പുറത്തുപറയാന്‍ അവര്‍ സമ്മതിച്ചില്ല.
വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷമായിട്ടും പ്രബിന്‍ ഒരു ദിവസംപോലും വിഷ്ണുജയുടെ വീട്ടില്‍വന്ന് നിന്നിട്ടില്ല. അവള്‍ മാത്രമാണ് വരുന്നത്. അപൂര്‍വമായി വിഷ്ണുജയെ കൂട്ടിക്കൊണ്ടുപോകാന്‍ മാത്രം വരും. ആളുകള്‍ക്കിടയിലേക്ക് വരുന്ന സ്വഭാവം ഇല്ലായിരുന്നു. വിവാഹത്തിന് മുന്‍പ് അന്വേഷിച്ചപ്പോള്‍ പ്രബിനെക്കുറിച്ച് മോശമായി ഒന്നും കേട്ടില്ല. ഇപ്പോഴാണ് നാട്ടില്‍ ഒരു മുഖവും ഉള്ളില്‍ മറ്റൊരു മുഖവും ആണെന്നു മനസ്സിലാക്കുന്നത്” ശ്രീകാന്ത് പറഞ്ഞു.